ayodhya

ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠായ്ക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രധാന ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ. അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെയോ ടെലിവിഷൻ, പ്രിന്റ് മാദ്ധ്യമങ്ങൾ വഴിയോ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി എടുക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് (എംഐബി) ഇത് സംബന്ധിച്ച് നിർദേശം ഇറക്കിയത്.

ജനുവരി 22നാണ് അയോദ്ധ്യയിലെ രാം ലല്ല പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഇത് ഇന്ത്യയിലുടനീളം ആഘോഷിക്കും. ഇതിനെതിരെ സ്ഥിരീകരിക്കാത്തതും പ്രകോപനപരവുമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെടുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നിർദേശം. സോഷ്യൽ മീഡിയകൾ സർക്കാർ നീരിക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മതസ്പ‌ർദ്ധയുണ്ടാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും നൽകരുതെന്നും കേന്ദ്രസർക്കാർ മാദ്ധ്യമങ്ങൾക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, രാംലല്ല മൂർത്തിയുടെ (ബാലനായ രാമൻ) പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച്ച നടക്കാനിരിക്കെ, അയോദ്ധ്യ ഭക്തിസാന്ദ്രമായ ഉത്സവാന്തരീക്ഷത്തിലാണ്. ആയിരക്കണക്കിന് ഭക്തർ ജയ് ശ്രീറാം, ജയ് സിയാറാം മുഴക്കി നിരത്തുകളിലൂടെ നീങ്ങുന്നു. പ്രായമേറിയവരും സ്ത്രീകളും കുട്ടികളും തെരുവുകളിൽ രാമമന്ത്രം ഉരുവിടുന്നു. ഹനുമാൻ വേഷധാരികളെ പലയിടത്തും കാണാം. കൊടിതോരണങ്ങൾ കെട്ടി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് തെരുവുകൾ. രാത്രിയിൽ വൈദ്യുത ദീപാലങ്കാരമാണ് എങ്ങും. അയോദ്ധ്യ നഗരം വെളിച്ചത്തിൽ ജ്വലിച്ച് നിൽക്കുന്നു. ഭജനകൾ ഉച്ചത്തിൽ വച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ 51 ഇഞ്ച് പൊക്കമുള്ള രാംലല്ല മൂർത്തിയുടെ വിഗ്രഹം സ്ഥാപിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.