കറാച്ചി: ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസയുമായി പിരിഞ്ഞതിനു പിന്നാലെ,

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ഷൊയിബ് മാലിക്ക് നടി സനാ ജാവേദിനെ വിവാഹം ചെയ്തു.

ഇരുവരും സോഷ്യൽ മീഡിയിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചു. പിന്നാലെ, സാനിയ ഭർത്താവിൽ നിന്ന് വിവാഹമോചിതയാകാനുള്ള ഖുൽഅ് ചെയ്തതായി പിതാവ് ഇമ്രാൻ മിർസ അറിയിച്ചു. വിവാഹവും വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക...എന്നു തുടങ്ങുന്ന കുറിപ്പ് സാനിയ ഇൻസ്റ്റാ ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

2010ലായിരുന്നു വിവാഹം. 2018ൽ മകൻ ജനിച്ചു. ദുബായിലായിരുന്നു താമസം. മകൻ ഇഷാൻ സാനിയയ്ക്കൊപ്പമാണ്. സാനിയയ്ക്കു മുൻപ് ആയിഷ എന്ന യുവതിയെ മാലിക് വിവാഹം ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷമാണ് സാനിയ കളിക്കളത്തിൽ നിന്ന് വിരമിച്ചത്.

സാന സീരിയലുകളിലെ സൂപ്പർ താരം

ഉറുദു ടെലിവിഷൻ സീരിയലുകളിലെ സൂപ്പ‌ർ താരമാണ് മുപ്പതുകാരിയായ സന ജാവേദ്. സനയുടെ രണ്ടാം വിവാഹമാണിത്. 2020ൽ ഗായകൻ ഉമർ ജയ്‌സ്വാളിനെ വിവാഹം ചെയ്തെങ്കിലും കഴിഞ്ഞ വർഷം വേർപിരിഞ്ഞു.

റിയാലിറ്റി ഷോ താരം കൂടിയാണ്. 1993 മാർച്ച് 25ന് സൗദി അറേബ്യയിലെ ജിദ്ദയിലാണ് സന ജനിച്ചത്. ഹൈദരാബാദ് ഡെക്കാൻ സ്വദേശികളാണ്. പിന്നീട് കറാച്ചിയിലേക്ക് താമസം മാറി.