rahul

ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ തകർത്തു. യാത്ര ലഖിംപൂർ ജില്ലയിൽ പ്രവേശിക്കുന്നതിനു മുമ്പ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ആക്രമിക്കപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ചയാണ് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസിനെ സമീപിക്കും. യൂത്ത് കോൺഗ്രസ് അംഗങ്ങളുടെ വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമിച്ചതെന്നും കോൺഗ്രസ് അറിയിച്ചു. മാത്രമല്ല, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തു.

ആക്രമണം നടത്തിയവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യാത്രയ്ക്കു നൽകിയ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന കാരണത്തിൽ കഴിഞ്ഞ ദിവസം യാത്രയ്ക്കെതിരെ അസാം പൊലീസ് കേസെടുത്തിരുന്നു.

അരുണാചലിൽ

അതിനിടെ, യാത്ര ഇന്നലെ അരുണാചൽ പ്രദേശിൽ പ്രവേശിച്ചു. അരുണാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എ.പി.സി.സി) പ്രസിഡന്റ് നബാം തുകി രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ച് രാഹുൽ ദോമുഖിൽ ജനങ്ങളെ അഭിസംബോധന ചെയ്തു.