
ആലപ്പുഴ: കായംകുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കായംകുളം ചിറക്കടവത്തെ ബിജെപി പ്രദോശിക നേതാവ് പി കെ സജിയാണ് (48) ഭാര്യ ബിനുവിനെ (42) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മരിച്ച ബിനു സ്കൂൾ ടീച്ചറാണ്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സജി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സജിയുടെ ദേഹത്താകെ മുറിവേറ്റ പാടുകളുണ്ട്. ഇവർ തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉള്ളതായി സമീപവാസികൾ പറഞ്ഞു.
ഇരുവരുടെയും മകൻ കോയമ്പത്തൂരിലാണ് പഠിക്കുന്നത്. ഇന്ന് മകൻ ഫോണിൽ വിളിച്ചിട്ട് ആരും എടുത്തില്ല. തുടർന്ന് മകൻ അയൽവാസികളെ വിവരം അറിയിച്ചു. ഉച്ചയോടെ അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വാസ്റ്റ് നടപടികൾ ആരംഭിച്ചു.
.