lic

കൊച്ചി: പൊതുമേഖലാ കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) ഓഹരി വില ഇന്നലെ റെക്കാഡ് ഉയരത്തിലെത്തി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എൽ.ഐ.സി ഓഹരി വില ഇന്നലെ 41.30 രൂപ ഉയർന്ന് 942.50 രൂപയിലെത്തി. ഇന്നലെ കമ്പനിയുടെ വിപണി മൂല്യം ഒരവസരത്തിൽ ആറ് ലക്ഷം കോടി രൂപ വരെ ഉയർന്നിരുന്നു. 2022 മേയ് 17 ന് എൽ.ഐ.സി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്ത ദിവസം രേഖപ്പെടുത്തിയ 920 രൂപയാണ് ഇന്നലെ മറികടന്നത്. ഇതോടെ എസ്.ബി.ഐയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ വിപണി മൂല്യമുള്ള പൊതു മേഖലാ കമ്പനിയായി എൽ.ഐ.സി മാറി.

പ്രാരംഭ ഓഹരി വില്പനയിൽ വലിയ ആവേശം ദൃശ്യമായിരുന്നെങ്കിലും ഉൗഹക്കച്ചവടക്കാരുടെ ഇടപെടൽ മൂലം ദീർഘ കാലമായി എൽ.ഐ.സി ഓഹരികൾ കനത്ത വിലക്കുറവോടെയാണ് നീങ്ങിയത്. ഒരവസരത്തിൽ എൽ.ഐ.സിയുടെ ഓഹരി വില 530 രൂപ വരെ താഴ്ന്നിരുന്നു. റീട്ടെയിൽ നിക്ഷേപകർ വളരെയേറെ ആവേശത്തോടെ പങ്കെടുത്ത പ്രാരംഭ ഓഹരി വില്പനയിലൂടെ എൽ.ഐ.സിയുടെ 3.5 ശതമാനം ഓഹരികൾ വിറ്റഴിച്ച് 21,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ സമാഹരിച്ചത്. ഓഹരി ഒന്നിന് 949 രൂപ വിലയാണ് വില്പന സമയത്ത് നിക്ഷേപകരിൽ നിന്ന് ഈടാക്കിയത്. ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഓഹരി വില ആയിരം രൂപ കടക്കാൻ ഇടയുണ്ട്.