
തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർത്തത്. രാഷ്ട്രീയ, സാംസ്കാരികരംഗത്തെ പ്രമുഖരും തൊഴിലാളികളും കർഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി.
കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. വൈകിട്ട് നാലരയോടെ ട്രയലിന് ശേഷം അഞ്ചുമണിയോടെയാണ് മനുഷ്യചങ്ങല തീർത്തത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം കാസർകോട്ട് ആദ്യകണ്ണിയായി. ഡി.വൈ.എഫ്.ഐയുടെ ആദ്യകാല പ്രസിഡന്റും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ രാജ്‌ഭവന് മുന്നിൽ അവസാന കണ്ണിയായി.
രാജ്ഭവന് മുന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതിയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാക്കളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി, ഡി.വൈ.എഫ്,ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമഗ്നരാജ് ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ. ചെറുമകൻ ഇഷാൻ എന്നിവരും മനുഷ്യചങ്ങലയിൽ പങ്കെടുത്തു. രാജ് ഭവന് മുന്നിലാണ് ഇവർ ചങ്ങലയിൽ കണ്ണിയായത്.