
തിരുവനന്തപുരം: ജില്ലയിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടന ജനുവരി 31 നകം പൂർത്തിയാക്കി പാർലമെന്റ് തിരഞ്ഞെടുപ്പിന് സജ്ജമാകാൻ തീരുമാനം. ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുതുതായി നിയമിതരായ മണ്ഡലം പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.കരുണാകരൻ സെന്റർ മന്ദിര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം എല്ലാ ബൂത്തുകളിലെയും ഭവന സന്ദർശനത്തിന് കോൺഗ്രസ് തുടക്കമിട്ടതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സ്നേഹസ്പർശം എന്ന പേരിൽ ജില്ലയിലെ എല്ലാ ബൂത്തുകളിലും രണ്ട് കിടപ്പ് രോഗികൾക്ക് വീതം കോൺഗ്രസ് പ്രവർത്തകർ ആശ്വാസ സഹായമെത്തിക്കും.ഫെബ്രുവരി 4ന് തൃശൂരിൽ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ ജില്ലയിലെ എല്ലാ ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റും ഉൾപ്പടെയുള്ള ഭാരവാഹികളെ പങ്കെടുപ്പിക്കും.കെ.കരുണാകരൻ സെന്റർ മന്ദിര നിർമ്മാണ ഫണ്ടലേക്ക് ജില്ലയിലെ കോൺഗ്രസ് കമ്മിറ്റികൾ സ്വരൂപിച്ച ഫണ്ടിന്റെ ആദ്യ വിഹിതം 23 ന് വൈകുന്നേരം 3ന് ഡി.സി.സി യിൽ നടക്കുന്ന ചടങ്ങിൽ കെ.മുരളീധരൻ എം.പി ക്ക് കൈമാറും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂർ എം.പി ചടങ്ങിൽ പങ്കെടുക്കും. സമരാഗ്നി പ്രക്ഷോഭ യാത്രയുടെ വിജയത്തിന് ബൂത്ത്തലം വരെ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. നേതൃയോഗത്തിൽ വി.എസ്.ശിവകുമാർ,എം.വിൻസന്റ് എം.എൽ.എ, ചെറിയാൻ ഫിലിപ്പ്, നെയ്യാറ്റിൻകര സനൽ, പി.കെ.വേണുഗോപാൽ, ആനാട് ജയൻ തുടങ്ങിയവർ സംസാരിച്ചു.