
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരവും ടോപ് സീഡുമായ ഇഗ സ്വിയാറ്റക്കിനെ വീഴ്ത്തി സീഡില്ലാത്ത ചെക്ക് കൗമാര താരം ലിൻഡ നൊസ്കൊവ പ്രീക്വാർട്ടറിൽ കടന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് സെറ്റും അമ്പതാം റാങ്കുകാരി ലിൻഡയ്ക്ക് മുന്നിൽ പോളിഷ് സൂപ്പർ താരം ഇഗ അടിയറ വച്ചത്. സ്കോർ: 3-6, 6-3,6-4.
ഇഗയുടെ തോൽവി അറിയാതെയുള്ല പതിനെട്ട് മത്സരങ്ങൾ നീണ്ട വിജയയാത്രയ്ക്കു കൂടിയാണ് പത്തൊമ്പതുകാരിയായ ലിൻഡ ഫുൾസ്റ്റോപ്പിട്ടത്. മത്സരം രണ്ട് മണിക്കൂർ 20 മിനിട്ട് നീണ്ടു. മറ്റൊരു മത്സരത്തിൽ ജലേന ഒസ്റ്റപെങ്കോയെ കീഴടക്കി വിക്ടോറിയ അസരങ്കയും പ്രീക്വാർട്ടറിൽ എത്തി.
പുരുഷ വിഭാഗത്തിൽ കിരീട പ്രതീക്ഷകളായ കാർലോസ് അൽകരാസ്, ഡാനിൽ മെദ്‌വദേവ്, അലക്സാണ്ടർ സ്വരേവ് എന്നിവർ പ്രീക്വാർട്ടർ ഉറപ്പിച്ചു. സ്പാനിഷഅ സെൻസേഷൻ അൽകരാസ് ചൈസ് താരം ഷാംഗ് ജുൻചെംഗിനെ അനായാസം കീഴടക്കി. സ്കോർ: 6-1,6-1,6-0. മെദ്വദേവ് കനേഡിയൻ താരം ഫെലിക്സ് ഔഗർ അല്ലിയാസിമേയെ 6-3,6-4,6-3നും സ്വരേവ് അലക്സ് മെക്കേൽസനെ 6-2,7-6,6-2നും മൂന്നാം റൗണ്ടിൽ കീഴടക്കി.
ലിൻഡ നൊസ്കോവ ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്നത്.
ഈ വിജയത്തെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾകിട്ടുന്നില്ല. എനിക്കറിയാം ഇതൊരു മികച്ച മത്സരമായിരുന്നു. എന്നാൽ ഇതിങ്ങനെ അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
ലിൻഡ നൊസ്‌കോവ
ഇഗയെ കീഴടക്കിയ ശേഷം