
ഗുവാഹത്തി: മ്യാൻമറിൽ വിമത സേനയും പട്ടാള ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ ഇന്ത്യയിൽ അഭയം തേടി നൂറ് കണക്കിന് മ്യാൻമർ സൈനികർ. അതിർത്തി സംസ്ഥാനമായ മിസോറാമിലേക്കാണ് സൈനികരുടെ വരവ്. ഇതോടെ ഇന്ത്യ -മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുമെന്നും . മ്യാൻമർ അതിർത്തിയിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അതിർത്തിയിലുടനീളം സ്മാർട്ട് വേലി നിർമ്മിക്കാൻ കേന്ദ്രം ടെൻഡറുകൾ വിളിച്ചിട്ടുണ്ട്.
അനധികൃത കുടിയേറ്റം തടയാൻ ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ സ്വതന്ത്ര സഞ്ചാരം നിറുത്തണമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും ആവശ്യപ്പെട്ടിരുന്നു. അസാം റൈഫിൾസ് ക്യാമ്പിലാണ് മ്യാൻമർ സൈനികർക്ക് അഭയം നൽകിയിരിക്കുന്നത്. മൂന്ന് മാസത്തിനിടെ 600ഓളം സൈനികരാണ് ഇന്ത്യയിലെത്തിയത്.
മിസോറാം സർക്കാർ വിവരങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഷില്ലോംഗിൽ നടന്ന വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിനിടെ മിസോറാം മുഖ്യമന്ത്രി ലാൽഡു ഹോമയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടിയന്തര ചർച്ച നടത്തി. അഭയം പ്രാപിച്ച മ്യാൻമർ സൈനികരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് ലാൽഡുഹോമ അമിത് ഷായെ അറിയിച്ചു.
മ്യാൻമർ സംസ്ഥാനമായ റാഖൈനിലെ വംശീയ സായുധ ഗ്രൂപ്പായ അരാകൻ ആർമി (എ.എ) പട്ടാള ക്യാമ്പുകൾ പിടിച്ചെടുത്തതാണ് സ്ഥിതി രൂക്ഷമാക്കിയത്. ഇതോടെ സൈനികർ മിസോറാമിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഒക്ടോബറിൽ മൂന്ന് വംശീയ ന്യൂനപക്ഷ സേനകൾ ഏകോപിപ്പിച്ച ആക്രമണമാണ് വ്യാപിച്ചത്. ചില നഗരങ്ങളും സൈനിക പോസ്റ്റുകളും ഇവർ പിടിച്ചെടുത്തു. ഇതോടെ 2021ൽ സൈനിക അട്ടിമറിയിലൂടെ മ്യാൻമറിൽ ഭരണം പിടിച്ച ജനറൽമാർ ഏറ്റവും വലിയ വെല്ലുവിളിയാണ് വിമത സേനയിൽ നിന്ന് നേരിടുന്നത്.