
ഡമാസ്കസ്: സിറിയയിൽ ഇറാന്റെ ഉന്നത സൈനിക ജനറലിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ഇറാൻ റെവലൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ സിറിയൻ ഇന്റലിജൻസ് യൂണിറ്റ് തലവൻ ജനറൽ സദേഖ് ഒമിദ്സാദേഹ് ആണ് കൊല്ലപ്പെത്. ഇയാൾക്കൊപ്പം, ഉപ ഇന്റലിജൻസ് മേധാവിയും റെവലൂഷണറി ഗാർഡിലെ രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് വിവരം. ആക്രമണത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അംഗങ്ങൾ കൊല്ലപ്പെട്ടത് റെവലൂഷണറി ഗാർഡ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെ പദവികളോ പേരോ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പ്രാദേശിക സമയം, രാവിലെ 10.15ന് തലസ്ഥാനമായ ഡമാസ്കസിലെ മെസ്സയിൽ ഇവർ താമസിച്ചിരുന്ന ബഹുനില കെട്ടിടം ഇസ്രയേലിന്റെ മിസൈലുകൾ തകർക്കുകയായിരുന്നു. ആക്രമണത്തിൽ കെട്ടിടം നിലംപതിച്ചു. ഏതാനും മിസൈലുകൾ സിറിയൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. കഴിഞ്ഞ ആഴ്ച ഇറാക്കിലെ എർബിലിൽ ഇസ്രയേൽ ഇന്റലിജൻസ് കേന്ദ്രത്തിന് ഇറാൻ ബോംബിട്ടിരുന്നു.
ഡിസംബറിൽ ഡമാസ്‌കസിന് സമീപമുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന ഉപദേഷ്ടാവായ ജനറൽ സായിദ് റാസി മൗസവിയും കൊല്ലപ്പെട്ടിരുന്നു. ഇറാനും സിറിയയ്ക്കുമിടെയിൽ സൈനിക സഖ്യത്തെ ഏകോപിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്.