തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല പുതിയ സമരചരിത്രമായി.
കാസർകോട് മുതൽ തിരുവനന്തപുരത്ത് രാജ്ഭവൻവരെ നീണ്ട
മനുഷ്യച്ചങ്ങലയിൽ പ്രായഭേദമന്യേ ലക്ഷക്കണക്കിന് ആളുകൾ മുദ്രാവാക്യം മുഴക്കിയും പ്രതിജ്ഞയെടുത്തും പങ്കാളികളായി. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചു.
ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്നതായിരുന്നു പ്രധാനമുദ്രാവാക്യം. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം എം.പി ആദ്യ കണ്ണിയയായി.
651 കിലോമീറ്റർ നീണ്ട മനുഷ്യച്ചങ്ങലയുടെ അവസാന കണ്ണിയായി രാജ്ഭവനുമുന്നിൽ ഡി.വൈ.എഫ്ഐയുടെ ആദ്യ പ്രസിഡന്റും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ നിലയുറപ്പിച്ചു.
പങ്കെടുക്കന്നവർ വൈകിട്ട് നാലു മണിക്കുതന്നെ നിർദ്ദിഷ്ട സ്ഥാനങ്ങളിൽ ഇടംപിടിച്ചിരുന്നു. കൃത്യം 4.30ന് ട്രയൽ നടന്നു. കൃത്യം 5ന് ചങ്ങല കോർത്ത് പ്രതിജ്ഞ ചൊല്ലി. രാജ്ഭവനു മുന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ള, ഇ.പി ജയരാജൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ കൈകോർത്ത് പിടിച്ചപ്പോൾ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരും പങ്കാളികളായി. കവി മുരുകൻ കാട്ടാക്കട തന്റെ കവിതയയായ രക്തസാക്ഷിയുടെ ഏതാനും വരികളും അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരും കണ്ണികളായി. ആയിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനവും നടന്നു.