f

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി രാംലല്ല വിഗ്രഹത്തിന്റെ ചിത്രം പുറത്തുവന്നതിൽ അമർഷം രേഖപ്പെടുത്തി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. രാംലല്ലയുടെ കണ്ണുകൾ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമേ പൊതുജനം കാണാൻ പാടുള്ളൂ. കണ്ണുകളുടെ കെട്ടഴിച്ചുള്ള വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. ഇന്നലെ വൈകിട്ടാണ് രാംലല്ല വിഗ്രഹത്തിന്റെ പൂർണചിത്രങ്ങൾ പുറത്തുവന്നത്.

ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന രാംലല്ലയുടെ വിഗ്രഹം കണ്ണുകൾ മൂടിയ നിലയിലാണ്. പ്രതിഷ്ഠാദിന ചടങ്ങിന് മുന്നോടിയായി കണ്ണുകൾ തുറന്ന നിലയിൽ വിഗ്രഹം കാണിക്കുന്നത് ശരിയല്ല . പ്രതിഷ്ഠാദിനത്തിൽ പൂജകൾക്ക് ശേഷമേ ഈ കെട്ടഴിക്കാൻ പാടുള്ളൂ. അങ്ങനെയൊരു ചിത്രം വന്നാൽ ആരാണ് അത് ചെയ്തതെന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം ചോർന്നതിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെയും നിലപാട്.

ശ്രീരാമന്റെ അഞ്ചുവയസുള്ള രൂപമായ രാംലല്ല വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്. മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് കൊത്തിയ കൃഷ്ണശിലാ വിഗ്രഹമാണിത്. അഞ്ച് വയസുകാരന്റെ ഓമനത്തവും തേജസുമുണ്ടെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വിലയിരുത്തിയ ശിൽപ്പം രഹസ്യ വോട്ടിലൂടെയാണ് തിരഞ്ഞെടുത്തത്. ശിൽപ്പത്തിന്റെ ഇടതുകൈയിൽ വില്ലും, വലതുകൈയിൽ അമ്പും കാണാം. ഓം, ചക്രം, ഗദ, സ്വസ്തിക് രൂപങ്ങൾ അലങ്കാരമായി ശിൽപ്പത്തിന് ചുറ്റുമുണ്ട്. ചിത്രം പുറത്തുവന്നയുടൻ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇന്നലെ നവഗ്രഹ പൂജ നടന്നു.സരയൂ നദിയിലെ ജലം കൊണ്ട് ഗർഭഗൃഹം ഇന്ന് കഴുകി വൃത്തിയാക്കും.