
ചങ്ങനാശേരി : മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങൾ, അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ തുടങ്ങിയവ ഇനി ഇംഗ്ളീഷിലും വായിക്കാം. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകളും എൻ.എസ്.എസ് ഹിന്ദു കോളേജ് പ്രിൻസിപ്പലുമായ ഡോ.എസ്. സുജാതയാണ് ചരിത്രപരമായ ദൗത്യത്തിന് പിന്നിൽ. ആദ്യപടിയായി 'ശ്രീ മന്നത്ത് പദ്മനാഭൻ, ലിവിംഗ് ബിയോണ്ട് ദി ഏജസ് ' എന്ന പുസ്തകം എൻ.എസ്.എസ് പുറത്തിറക്കി. സി. രാധാകൃഷ്ണനാണ് അവതാരിക എഴുതിയത്. എൻ.എസ്.എസ്. കോളേജുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപകരുടെ 21 പ്രബന്ധങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണിത്. രണ്ടാംഘട്ടമെന്ന നിലയിലാണ് പുതിയ ദൗത്യത്തിന് ഡോ.സുജാത പേന ചലിപ്പിക്കുന്നത്. മന്നത്ത് പദ്മനാഭന്റെ പ്രശസ്തമായ പ്രസംഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകമാണ് ഇനി പുറത്തിറക്കുക. പുസ്തകങ്ങളിൽനിന്നുള്ള വരുമാനം സാമൂഹ്യസേവനമെന്ന ലക്ഷ്യം മുൻനിറുത്തി എൻ.എസ്.എസിന് സമർപ്പിക്കുകയാണ് ലക്ഷ്യം.