
തിരുവനന്തപുരം : ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ലഭിച്ച വരുമാനം 357.47 കോടി രൂപയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു വരുമാനം. ഈ വർഷം 10.35 കോടിയുടെ വർദ്ധനവാണ് ഉണ്ടായതെന്ന് പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിക്കുന്ന വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. നിലയ്ക്കൽ, പമ്പ എരുമേലി എന്നിവിടങ്ങളിലെ വരുമാനം കൂടി കണക്കാക്കുമ്പോൾ ആകെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.
ശബരിമല ദർശനം നടത്തിയ ഭക്തരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി. 2023 നവംബർ 16 ന് ആരംഭിച്ച് ശബരിമല തീർത്ഥാടന കാലയളവിൽ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് അയ്യപ്പ സ്വാമിയുടെ ദർശനപുണ്യം നേടി മലയിറങ്ങിയത്. 50,06412 പേർ ഇക്കുറി ദർശനം നടത്തിയപ്പോൾ കഴിഞ്ഞ തീർത്ഥാടന കാലത്ത് ഇത് 44,16,219 ആയിരുന്നു. 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.