
മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ അഭിനയിച്ച് സ്വന്തമായി ഒരു സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. അഭിനയത്തിലൂടെ മാത്രമല്ല ഫാഷൻ സെൻസ് കൊണ്ടും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും താരം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന സിനിമയിൽ അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരമാണ്.
സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടുന്നത്. താരത്തിന്റെ സൗന്ദര്യ രഹസ്യം അറിയാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. വളരെ ക്ലിയർ ചർമ്മമാണ് ഹണി റോസിന്. ഇപ്പോഴിതാ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി റോസ്.
എല്ലാവരുടെയും വീട്ടിലെ അടുക്കളയിൽ കാണുന്ന വെളിച്ചെണ്ണയാണ് തന്റെ സ്കിൻ കെയറെന്നാണ് താരം പറഞ്ഞത്. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചർമത്തിന് ക്ഷീണമോ വരൾച്ചയോ ഉണ്ടായാൽ താൻ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നും ഹണി റോസ് വ്യക്തമാക്കി. രാത്രി കിടക്കുന്നതിന് മുൻപ് അൽപ്പം വെളിച്ചെണ്ണ ചർമത്തിൽ പുരട്ടുകയും രാവിലെ എഴുന്നേറ്റ് കഴുകികളയുകയും ചെയ്യുമെന്ന് താരം വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് ചർമത്തിന് നല്ല ഗ്ലോ നൽകുമെന്നാണ് താരം അഭിപ്രായപ്പെടുന്നത്.