pic

കയ്റോ: ഈജിപ്റ്റിലെ പിരമിഡുകൾ ലോകത്തിന് എന്നും അത്ഭുതമാണ്. പുരാതന ഫറവോമാരുടെ കല്ലറകളും ക്ഷേത്രങ്ങളുമൊക്കെ ഈജിപ്റ്റിനെ വേറിട്ടതാക്കുന്നു. പുരാവസ്തു ഗവേഷകരുടെ ഇഷ്ട കേന്ദ്രമായ ഈജിപ്റ്റ് ഫോസിലുകളുടെ പേരിലും പ്രസിദ്ധമാണ്. ഈജിപ്ഷ്യൻ സഹാറ മരുഭൂമിയിലെ ' വാലി ഒഫ് വെയ്ൽസാ"ണ് ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഈജിപ്റ്റിലെ മറ്റൊരിടം. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള തിമിംഗല ഫോസിലുകൾ രാജ്യതലസ്ഥാനമായ കയ്റോയുടെ തെക്ക് - പടിഞ്ഞാറായി 150 കിലോമീറ്റർ അകലെ 49,458 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വാലി ഒഫ് വെയ്‌ൽസിൽ കാണാം.

50 മില്യൺ വർഷങ്ങൾക്ക് മുമ്പ് മീസോസോയിക് യുഗത്തിൽ ഇവിടം ടെഥിസ് എന്ന പുരാതന സമുദ്രത്താൽ ചുറ്റിപ്പെട്ടതായിരുന്നു. കരയിലൂടെ നടക്കാൻ സാധിച്ചിരുന്ന ആദിമ തിമിംഗല സ്പീഷീസ് അടക്കം നിരവധി സമുദ്രജീവികൾ ടെഥിസിൽ ജീവിച്ചിരുന്നു. എന്നാൽ ക്രീറ്റേഷ്യസ് കാലഘട്ടത്തിൽ വൻകര വേർപിരിയുകയും ഇന്ത്യൻ, അറ്റ്ലാൻഡിക് സമുദ്രങ്ങൾ രൂപം കൊള്ളുകയും ചെയ്‌തോടെ ടെഥിസ് സമുദ്രം വരണ്ടുണങ്ങുകയായിരുന്നു.

ആർക്കിയോളജിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ വാലി ഒഫ് വെയ്ൽസിലെ ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത് 1902ലാണ്. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ 60 അടിയിലേറെ നീളമുള്ള കൂറ്റൻ തിമിംഗല ഫോസിൽ വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തിമിംഗലങ്ങളുടെ പരിണാമത്തെ പറ്റി നിർണായകമായ തെളിവുകളാണ് ഇവിടെ നിന്ന് കണ്ടെത്താൻ സാധിച്ചത്. ലോകത്ത് മറ്റൊരിടത്തും ഇത്രയേറെ തിമിംഗല ഫോസിലുകൾ ഒരുമിച്ച് കാണാനാകില്ല. മത്സ്യങ്ങൾ, സ്രാവുകൾ, കടൽപക്ഷികൾ തുടങ്ങിയവയുടെ ഫോസിലുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.