
കോട്ടയം: ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങളിലൂടെ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കൂടുന്നതായി വിജിലൻസ്. പണം നേരിട്ട് വാങ്ങിയാൽ കെണിയിൽപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള അതിബുദ്ധിയാണ് 'ഗൂഗിൾ പേ'യെന്നാണ് വിജിലൻസ് കരുതുന്നത്.
ഡ്യൂട്ടി തുടങ്ങുമ്പോൾ എല്ലാ ഉദ്യോഗസ്ഥരും കൈയിലുള്ള പണവും സ്വർണവും എത്രയെന്ന് പേഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തണം. വിജിലൻസിന്റെ മിന്നൽ പരിശോധനകളിൽ, രജിസ്റ്ററിലുള്ളതിനേക്കാൾ കൂടുതൽ പണം പിടിച്ചെടുത്താൽ സോഴ്‌സ് നൽകണം. എന്നാൽ ഒരു ഉദ്യോഗസ്ഥന്റേയും അക്കൗണ്ട് പരിശോധിച്ച് പണം തിട്ടപ്പെടുത്താറുമില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ അതിബുദ്ധി. കൈക്കൂലിക്കേസിൽ ജില്ലയിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഓൺലൈൻ കൈക്കൂലിയുടെ വിവരങ്ങൾ അറിഞ്ഞത്. സ്ഥിരം കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
ആദ്യം എൽസി
തോറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് ജയിച്ച എം.ബി.എ സർട്ടിഫിക്കറ്റ് നൽകാമെന്നു പറഞ്ഞ് 1.25 ലക്ഷം ഗൂഗിൾ പേ വഴി വാങ്ങിയ എം.ജി.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എൽസിയാണ് ആദ്യം പിടിയിലാകുന്നത്. ഓൺലൈൻ തെളിവുകൾ ശക്തമായിരുന്നതിനാൽ എൽസിയുടെ ജോലിയും പോയി. പിന്നാലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഉദ്യോഗസ്ഥരും വിവിധ അക്കൗണ്ടുകളിലേയ്ക്ക് ലോറി ഉടമകളിൽ നിന്ന് കൈക്കൂലിപ്പണം വാങ്ങി കുടുങ്ങി.
തെളിവ് ശക്തം
'' ട്രാപ്പിൽ നിന്ന് രക്ഷപ്പെടാനാണ് കൈക്കൂലി അക്കൗണ്ടുവഴിയാക്കുന്നത്. എന്നാൽ ട്രാപ്പ് ചെയ്യുന്നതിനേക്കാൾ കൂടുതൽ തെളിവാണിത്. പരാതിക്കാരൻ ഉറച്ചു നിന്നാൽ ഇലക്ട്രോണിക് എവിഡൻസ് ആക്ട് (65ബി) പ്രകാരം കോടതിക്ക് നടപടിയെടുക്കാം''
വിജിലൻസ് അധികൃതർ
കുടുക്കാനും കഴിയും
'' ഞങ്ങളോട് വിരോധമുള്ളവർക്ക് ഗൂഗിൾ പേ വഴി ക്യാഷ് അയച്ച ശേഷം കൈക്കൂലി വാങ്ങിയെന്ന് വിജിലൻസിന് പരാതി നൽകി കുടുക്കാനും കഴിയും''
സർക്കാർ ഉദ്യോഗസ്ഥൻ