mohammed-muizzu

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുളള ഡോർണിയൻ വിമാനം ഉപയോഗിക്കുന്നതിന് മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് പതിനാലുവയസുകാരൻ മരിച്ചെന്ന് പരാതി. ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വിൽമിംഗ്ടൺ സ്വദേശിയായ കുട്ടിയാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. മാലദ്വീപിലെ പ്രാദേശിക മാദ്ധ്യമങ്ങളാണ് മരണവിവരം റിപ്പോർട്ട് ചെയ്തത്.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ‌ിച്ച ഡോർണിയർ വിമാനം മാലദ്വീപിൽ എയർ ആംബുലൻസായി ഉപയോഗിക്കുന്നുണ്ട്. ബ്രെയിൻ ട്യൂമർ ബാധിതനായ ആൺകുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലിയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടു.എന്നാൽ 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെയാണ് എയർ ആംബുലൻസിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മകന് മസ്തിഷ്കാഘാതം ഉണ്ടായ ഉടൻ തന്നെ മാലിയിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ ഐലൻഡ് ഏവിയേഷനെ വിളിച്ചു. പക്ഷേ അവർ മറുപടി നൽകിയില്ല. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് അവർ ഫോൺ എടുത്തതെന്ന് കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നുവെന്നും അവസാന നിമിഷമുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു.

ആൺകുട്ടിയുടെ മരണത്തിൽ ആശുപത്രിക്ക് പുറത്ത് വലിയ പ്രതിഷേധമാണ് നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്നാണ് എയർ ആംബുലൻസിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ഇന്ത്യയോടുള്ള മൊഹമ്മദ് മൊയിസുവിന്റെ വിരോധം തീർക്കാൻ ആളുകൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതില്ലെന്നും മാലദ്വീപ് എംപി മീകെയിൽ നസീം സോഷ്യൽമീഡിയയിൽ പ്രതികരിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡന്റ് മൊഹമ്മദ് മൊയിസു അധികാരമേറ്റത് മുതൽ ഇന്ത്യയുമായി മാലദ്വീപ് അകൽച്ചയിലാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ചുള്ള മാലദ്വീപ് എംപിമാരുടെ പോസ്റ്റിന് പിന്നാലെ ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. ഇതിന് പിന്നാലെ മാലദ്വീപിലുളള 88 ഇന്ത്യൻ സൈനികരെ മാർച്ച് 15ന് മുൻപ് പിൻവലിക്കണമെന്ന് മൊഹമ്മദ് മൊയിസു ആവശ്യപ്പെട്ടിരുന്നു.