
ആലപ്പുഴ: തെറ്റായ കാര്യങ്ങൾ കാണുമ്പോൾ സ്വാഭാവികമായും പ്രതികരിച്ചു പോകുമെന്ന് മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ. ക്രിമിനൽ മനഃസ്ഥിതിയോടെ പാർട്ടിയിലേക്ക് കടന്നുവരികയും ക്രിമിനൽ അന്തരീക്ഷമുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊളിറ്റിക്കൽ ക്രിമിനലെന്ന് താൻ വിളിച്ചതെന്നും അത് സി.പി.എമ്മിൽ മാത്രമല്ല എല്ലാ പാർട്ടിയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അസ്വാരസ്യമുണ്ടാക്കുന്ന പ്രതികരണങ്ങൾ വിവാദമായിരിക്കെ ജി.സുധാകരൻ കേരളകൗമുദിയോട് സംസാരിച്ചു.
?പാർട്ടിയെ നിരന്തരം വിമർശിക്കുകയാണല്ലോ
പാർട്ടിയെ വിമർശിക്കുകയല്ല, പാർട്ടി നയങ്ങളെപ്പറ്റി മറ്റാരും പറയാത്തത് ഞാൻ പറയുകയാണ്. പാർട്ടി പ്രവർത്തനങ്ങളിൽ വിമർശനമുണ്ടെങ്കിൽ അത് പാർട്ടിക്കകത്ത് പറയാം. ഏതെങ്കിലും വ്യക്തിയുടെ പേരുപറഞ്ഞല്ലല്ലോ വിമർശനം. നേരത്തെയും പാർട്ടിക്ക് യോജിക്കാത്ത കാര്യങ്ങൾ ആരെങ്കിലും ചെയ്യുകയോ, പാർട്ടി ലൈനിലല്ലാതെ സംസാരിക്കുകയോ ചെയ്യുമ്പോൾ പാർട്ടിക്കകത്ത് പറഞ്ഞിട്ടുണ്ട്. അന്ന് അതൊന്നും ആരും ചോദ്യം ചെയ്തിട്ടില്ല.
?ചുമതലകളിൽ നിന്നൊഴിവായതിനാലാണോ
ഈ പരസ്യ പ്രതികരണങ്ങൾ
എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോൾ അവിഭക്തകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്താണ് പാർട്ടി അംഗത്വം കിട്ടുന്നത്. അടിയന്തരാവസ്ഥയിലെ ജയിൽവാസത്തിന് ശേഷം 1977ൽ ജില്ലാ കമ്മിറ്റി മെമ്പർഷിപ്പുമായാണ് ഞാൻ ആലപ്പുഴയിൽ വന്നത്. രണ്ടു തവണ ജില്ലാ സെക്രട്ടറിയായി. ജില്ലാ കൗൺസിൽ പ്രസിഡന്റായി. നഗരസഭാ പ്രതിപക്ഷനേതാവായി. എം.എൽ.എയായി. മന്ത്രിയായി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി പാസാക്കിയ സംഘടനാരേഖയിൽ 75വയസ് പൂർത്തിയാകുന്നവർ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയണമെന്ന് തീരുമാനിച്ചു. അന്നെനിക്ക് 75 ആയിരുന്നില്ല. ഇപ്പോൾ ബ്രാഞ്ച് തലത്തിൽ പ്രവർത്തിച്ചുവരികയാണ്. ജില്ലാ സെക്രട്ടറി നിർദ്ദേശിക്കുന്ന പരിപാടികളിൽ പോകാറുണ്ട്. വി.എസ് കഴിഞ്ഞാൽ ആലപ്പുഴ ജില്ലയിൽ പാർട്ടിയിൽ ഏറ്റവും സീനിയർ ഞാനാണ്.
?ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ
അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. മത്സരിക്കണോ വേണ്ടയോയെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്. ഞാനല്ല. ഇത്തവണ കൂടുതൽ സീറ്റുകളിൽ ഇടതുമുന്നണി വിജയിക്കും.
?നവകേരള സദസിൽ പങ്കെടുത്തില്ലല്ലോ
വെറുതെ അവിടെപ്പോയി ഇരുന്നാൽ പിണറായിക്ക് ബുദ്ധിമുട്ടാകും. പത്രക്കാർ വെറുതെ അതുമിതുമൊക്കെ എഴുതും. നവകേരള യാത്രയിൽ കോൺഗ്രസുകാരെ അടിച്ചത് ശരിയല്ലെന്ന് ഞാൻ പറഞ്ഞെന്നാണ് പത്രങ്ങളിൽ വായിച്ചത്. എം.ടി.വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ടെന്ന് ഞാൻ സംസാരിച്ചിട്ടില്ല.
ഒന്നാം പിണറായി സർക്കാരിനെപ്പോലെ രണ്ടാം സർക്കാരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ കടന്നപ്പള്ളിക്ക് മന്ത്രിസഭാപ്രവേശനം നൽകാൻ ഫോണിലൂടെ വിളിച്ച് ചോദിച്ചശേഷമാണ് പിണറായി ദേവസ്വം വകുപ്പ് എന്നിൽ നിന്ന് മാറ്റിയത്. അത്ര നല്ലബന്ധമായിരുന്നു. ഇപ്പോൾ ഞാൻ അദ്ദേഹത്തിനടുത്തേക്ക് പോകേണ്ട കാര്യങ്ങളൊന്നുമില്ല. അദ്ദേഹത്തിന് ആവശ്യങ്ങളുമില്ല.
?കെ.കെ.ശൈലജയോട് വിദ്വേഷമുണ്ടോ
2006ലാണ് കെ.കെ.ശൈലജ എം.എൽ.എയായി നിയമസഭയിൽ ആദ്യമായി എത്തിയത്. ഒന്നാം പിണറായി മന്ത്രിസഭയിൽ ശൈലജ മാത്രമല്ലല്ലോ മികച്ച മന്ത്രിയായുണ്ടായിരുന്നത്. കണ്ണൂരിൽ ആരുനിന്നാലും ജയിക്കുന്ന സീറ്റാണത്. മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കുന്നയാൾക്ക് സംഘടനാ പാരമ്പര്യവും നേതൃപരിചയവുമുൾപ്പെടെയുള്ള ഗുണങ്ങൾവേണം. പടിപടിയായി വളർന്നാണ് പിണറായി മുഖ്യമന്ത്രിക്കസേരയിലെത്തിയത്. ശൈലജയ്ക്ക് യോഗ്യതയില്ലെന്ന് പറയാൻ പറ്റില്ല. പൊളിറ്റ് ബ്യൂറോ അംഗത്തിനെയല്ലേ മുഖ്യമന്ത്രിയായി പരിഗണിക്കാനാകൂ.