
പനാജി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സൗത്ത് ഗോവയിലെ ഒരു ആഡംബര ഹോട്ടലിലെ മാനേജർ അറസ്റ്റിൽ. ഇരുപത്തിയൊൻപതുകാരനായ ഗൗരവ് കട്ടിയാർ ആണ് ഭാര്യ ദിക്ഷ ഗംഗ്വാറയെ കൊലപ്പെടുത്തിയത്.
കാബോ ഡി രാമ ബീച്ചിൽവച്ച് ഇന്നലെ ഉച്ചയോടെയാണ് പ്രതി കൃത്യം നടത്തിയത്. ഭാര്യയെ കൊന്ന് മുങ്ങിമരണമാക്കി ചിത്രീകരിക്കാനായിരുന്നു ഇയാളുടെ നീക്കം. പക്ഷേ അവിടെയുണ്ടായിരുന്ന ഒരാൾ കൊലപാതക ദൃശ്യങ്ങൾ പകർത്തിയതാണ് പ്രതിക്ക് കുരുക്കായത്.
ഒരു വർഷം മുമ്പായിരുന്നു ഗൗരവും ദിക്ഷയും വിവാഹിതരായത്. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. 'ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് സംഭവം നടന്നത്. പ്രതി തന്റെ ജോലിസ്ഥലത്ത് നിന്ന് വളരെ അകലെയുള്ള കടൽത്തീരത്താണ് ഭാര്യയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കടലിൽ മുക്കിക്കൊല്ലുകയായിരുന്നു. പിടിവലിക്കിടെ യുവതിയുടെ ശരീരത്തിൽ മുറിവേറ്റിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇയാൾ ബഹളം വയ്ക്കുകയും, ഭാര്യ മുങ്ങിമരിച്ചെന്ന് വരുത്തിതീർക്കാനും ശ്രമിച്ചു. എന്നാൽ വീഡിയോ കണ്ടതോടെ കള്ളിവെളിച്ചത്തായി. പ്രതിയും ഇരയും ലക്‌നൗ സ്വദേശികളാണ്.'- പൊലീസ് അറിയിച്ചു.