gold

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിവിധ രീതിയിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് കണ്ടെത്തി. ഇലക്‌ട്രിക് ഉണ്ണിയപ്പം മേക്കറിന് ഉള്ളിൽ വട രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1500 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബായിൽ നിന്ന് വന്ന കോഴിക്കോട് പെരുവയൽ സ്വദേശിനി ബീന മുഹമ്മദ് ആസാദ് ആണ് സംഭവത്തിൽ പിടിയിലായത്. 95 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

ജീൻസിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി ഷറഫുദ്ദീനും പിടിയിലായി. ഇയാൾ മസ്കറ്റിൽ നിന്നാണ് എത്തിയത്. 1192 ഗ്രാം മിശ്രിതം രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാൾ ജീൻസിനുള്ളിൽ ഒളിപ്പിച്ചത്. 24ലക്ഷം രൂപയോളം വരുന്ന സ്വർണമാണ് കണ്ടെത്തിയതെന്നാണ് വിവരം.

ഇത് കൂടാതെ ചോക്ലേറ്റ് മിഠായി കവറിൽ പൊതിഞ്ഞ ഈന്തപ്പഴ കുരുവിന് ഇടയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് യുവാവ് പിടിയിലായി. 20 കഷ്ണങ്ങളായി 141 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെത്തിയത്. സുഗന്ധ ദ്രവ്യ കുപ്പിയിൽ സ്വർണം ഒളിച്ച് കടത്താൻ ശ്രമിച്ച കുമ്പള സ്വദേശിയും പിടിയിലായി. അബ്ദുൾ ലത്തീഫാണ് പിടിയിലായത്. ഇയാളുടെ ബാഗിൽ ഉണ്ടായിരുന്ന ആറ് സുഗന്ധദ്രവ്യ കുപ്പികളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കുപ്പിയിലുണ്ടായിരുന്ന ദ്രാവകത്തിൽ നിന്ന് 83 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.