students

അഹമ്മദാബാദ്: ഗുജറാത്തിലെ ബോട്ടപകടത്തിൽ മരിച്ച വിദ്യ‌ാർത്ഥികളിൽ രണ്ടുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവർ. മരിച്ചവരിൽ ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും മാതാപിതാക്കൾ സഹോദരൻമാരാണ്. മരിച്ച കുഞ്ഞുങ്ങളുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്നലെ ഒരുമിച്ചായിരുന്നു നടത്തിയത്.

ഫറൂഖ്- റഹിമ ദമ്പതികളുടെ 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകളെയാണ് വിധി കവർന്നെടുത്തത്. രണ്ട് ദശാബ്‌ദക്കാലത്തോളം നടത്തിയ പ്രാർത്ഥനകളും നേർച്ചകളും വിഫലമാവുകയായിരുന്നു. അപകടസമയം പിതാവ് ഫറൂഖ് ലണ്ടനിലായിരുന്നു. ഫറൂഖിന്റെ ഇളയ സഹോദരനായ ഹാറൂണിന്റെ മകനാണ് മരിച്ച മറ്റൊരു കുട്ടി. മാതാപിതാക്കളുടെ ഏക മകനാണ് മരണപ്പെട്ടത്.

ഗുജറാത്തിൽ കഴിഞ്ഞ വ്യാഴാഴ്‌ചയുണ്ടായ ബോട്ടപകടത്തിൽ 14 വിദ്യാർത്ഥികൾക്കും 2 അദ്ധ്യാപകർക്കുമാണ് ദാരുണാന്ത്യം സംഭവിച്ചത്. വൈകിട്ട് നാലരയോടെ വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 23 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്‌കൂളിൽ നിന്ന് വിനോദ യാത്ര പുറപ്പെട്ട വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. പരിധിയിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചതാണ് ബോട്ട് മറിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിന് ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം സഹായം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.