
കോട്ടയം: പ്രളയകാലത്ത് കലങ്ങിമറിയുന്ന മീനച്ചിലാർ പോലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോട്ടയം. യു.ഡി.എഫ് ജയിക്കുമെന്ന് മുമ്പ് കണ്ണുമടച്ച് പറയുമായിരുന്ന മണ്ഡലത്തിൽ കാറും കോളും നിറച്ചത് ജോസ് കെ. മാണിയുടെ ഇടതു പ്രവേശനത്തോടെ രൂപപ്പെട്ട സവിശേഷ രാഷ്ട്രീയ സാഹചര്യമാണ്. യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ കോട്ടയത്തിന്റെ ഓളങ്ങൾ ഏതു ദിക്കിലേക്കാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തവണ കോൺഗ്രസുകാർ ആളും അർത്ഥവും നൽകി ഒപ്പം നിറുത്തി വിജയിപ്പിച്ച തോമസ് ചാഴികാടൻ മുന്നണിമാറ്റത്തോടെ ഇപ്പോൾ മറുവശത്താണ്. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് (എം) മത്സരിക്കുന്ന കോട്ടയത്ത് ചാഴികാടൻ മൂന്നുമാസം മുന്നേ ഒരുക്കം തുടങ്ങി. സീറ്റ് ജോസഫ് വിഭാഗത്തിനായതിനാൽ ജോസ്- ജോസഫ് പോര് ഉറപ്പായി. എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് കോട്ടയം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേരളാ കോൺഗ്രസിലെ പി.സി. തോമസ് മത്സരിച്ച കോട്ടയം സീറ്റ്, ബി.ജെ.പി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. പൊതു സ്വതന്ത്രനായി ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ തൃശൂരടക്കമുള്ള മണ്ഡലങ്ങളിൽ ഗുണമാകുമെന്ന ചിന്ത എൻ.ഡി.എ നേതൃത്വത്തിനുണ്ട്.
കൂടുതൽ തവണ യു.ഡി.എഫ്
1952 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ 12 തവണയും കോട്ടയം യു.ഡി.എഫിനൊപ്പം നിന്നു. എന്നാൽ യുവാക്കളെയും പുതുമുഖങ്ങളെയുമൊക്കെ പാർട്ടി നോക്കാതെ വരിച്ച ചരിത്രവുമുണ്ട്. രമേശ് ചെന്നിത്തലയും സുരേഷ് കുറുപ്പും പുതുമുഖങ്ങളായെത്തി ഡൽഹിക്ക് വണ്ടി കയറിയവരാണ്. 2009-ൽ മണ്ഡലത്തിന്റെ സ്വഭാവം മാറി. മൂവാറ്റുപുഴ ഇല്ലാതായപ്പോൾ പിറവവും പാലയും കോട്ടയത്തേക്കു ചേർന്നു. പകരം ചങ്ങനാശേരി മാവേലിക്കരയിലേക്കു പോയി.
2014-ൽ 1.20 ലക്ഷം വോട്ടുകൾക്ക് ജോസ് കെ. മാണി ജയിച്ച മണ്ഡലത്തിൽ ചാഴികാടൻ 1.06 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിറുത്തി. ജോസിന്റെ മുന്നണി മാറ്റത്തോടെ, പിന്നീടു വന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോട്ടയം മെല്ലെ ഇടത്തേക്കു ചാഞ്ഞു. എന്നാൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സിംഹ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് മേൽക്കൈ.
ക്രിസ്ത്യൻ വോട്ടുകൾക്കു പുറമേ ഈഴവ, നായർ വോട്ടുകളും കോട്ടയത്ത് നിർണായകമാണ്. ഹൈന്ദവ വിഭാഗത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ നായർ, ഈഴവ സമുദായങ്ങളിൽ നിന്ന് വർഷങ്ങളായി ഒരാളെപ്പോലും പരിഗണിക്കാത്തതിൽ ഇരുസമുദായങ്ങൾക്കും അതൃപ്തിയുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന് ശക്തമായ വേരുകളുള്ള മണ്ഡലം കൂടിയാണ് കോട്ടയം. കത്തോലിക്കാ വോട്ടുകൾക്കു പുറമേ ഓർത്തഡോക്സ്, യാക്കോബായ വോട്ടുകളും നിർണായകം.
കോട്ടയം ജില്ലയിലെ ആറു നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ പിറവവും ഉൾപ്പെടുന്നതാണ് കോട്ടയം പാർലമെന്റ് മണ്ഡലം. ഇതിൽ കോട്ടയം, കടുത്തുരുത്തി, പാലാ, പുതുപ്പള്ളി, പിറവം മണ്ഡലങ്ങൾ യു.ഡി.എഫിന്റേതും ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങൾ എൽ.ഡി.എഫിന്റേതുമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനു ലഭിച്ച റെക്കാർഡ് ഭൂരിപക്ഷം ജില്ലയിലെ യു.ഡി.എഫ് ക്യാമ്പിന് ജീവശ്വാസമായി. കേരളാ കോൺഗ്രസിന്റെ കരുത്തും എൽ.ഡി.എഫിന്റെ കേഡർ വോട്ടുകളും ചാഴികാടന്റെ മണ്ഡലത്തിലെ സുപരിചിതത്വവുമാണ് എൽ.ഡി.എഫിന്റെ തുറുപ്പു ചീട്ട്.
റബർ മുതൽ മണിപ്പൂർ വരെ
രാജ്യത്ത് ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന ജില്ലയായ കോട്ടയത്ത് റബർ എന്നും പ്രചാരണ വിഷയമാണ്. 250 രൂപ താങ്ങുവില നൽകാമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം നിലനിൽക്കേ 170 രൂപ മാത്രം നൽകുന്നതിൽ ജോസ് കെ. മാണിക്ക് അതൃപ്തിയുണ്ട്. റബർ സബ്സിഡി വിതരണവും ത്രിശങ്കുവിലായത് ജോസ് വിഭാഗത്തെ പ്രതിരോധത്തിലാക്കുന്നു. ഇതിനിടെയാണ് റബർ വില 300 രൂപയാക്കണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗം പ്രത്യക്ഷ സമരരംഗത്തേക്കിറങ്ങിയത്. പടിഞ്ഞാറൻ മേഖലയുടെ നട്ടെല്ലായ നെൽകർഷകരുടെ പ്രശ്നങ്ങളും ചർച്ചയാകും. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഓർത്തഡോക്സ് -യാക്കോബായ തർക്കവും അതത് മേഖലകളിൽ സജീവമായി നിൽക്കും.
അണിയറയിൽ ചർച്ചകൾ
മുൻ എം.പിമാരായ ഫ്രാൻസിസ് ജോർജ്, പി.സി. തോമസ്, മോൻസ് ജോസഫ് എം.എൽ.എ, അഡ്വ. പ്രിൻസ് ലൂക്കോസ്, കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫ്, പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫ് എന്നിവരുടെ പേരുകളാണ് ജോസഫ് വിഭാഗത്തിനുള്ളിൽ ഉയരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ചിഹ്നം നഷ്ടപ്പെട്ട് പെരുവഴിയിലായ ജോസഫിനെ കൂടെക്കൂട്ടി ജീവൻരക്ഷാമരുന്ന് നൽകിയ പി.സി. തോമസിനെ കോട്ടയം സീറ്റ് ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട്. എന്നാൽ 2019-ലെ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന തോമസിനെ ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയാൽ ദോഷമാകുമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ബി.ഡി.ജെ.എസ് സീറ്റ് ഏറ്റെടുത്താൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ട്രഷറർ എ.ജി. തങ്കപ്പൻ എന്നിവരുടെ പേരുകൾക്കാണ് പ്രഥമ പരിഗണന. 2016-ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഏറ്റുമാനൂരിൽ കടുത്ത പോരാട്ടം നടത്തിയതും എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃനിരയിലുള്ള പ്രവർത്തനങ്ങളുമാണ് എ.ജിയുടെ കരുത്ത്. ബി.ജെ.പി മത്സരിച്ചാൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന കമ്മിറ്റി അംഗം ബി. രാധാകൃഷ്ണ മേനോൻ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർക്കാവും സാദ്ധ്യത. പി.സി. ജോർജിനെ കോട്ടയത്ത് മത്സരിപ്പിക്കണമെന്ന ചർച്ചയും നടക്കുന്നുണ്ട്.
മുഴുവൻ ഫണ്ടും ഉപയോഗിച്ചു
എം.പി ഫണ്ട് വിനിയോഗത്തിൽ ഒന്നാമതായതിൽ അഭിമാനമുണ്ട്. കോട്ടയത്തെ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കി. 283 പദ്ധതികൾക്കായി ആകെ പതിനേഴു കോടിയിലധികം രൂപ ചെലവഴിച്ചു. വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി 938 കോടി രൂപയും ചെലവഴിച്ചു. പുതിയ റീജിയണൽ പാസ്‌പോർട്ട് ഓഫീസും യാഥാർത്ഥ്യമാക്കി.
- തോമസ് ചാഴികാടൻ, എം.പി മോദിയുടെ വികസനം
കേന്ദ്ര പദ്ധതികളുടെ നേട്ടം എം.പി ഏറ്റെടുക്കുന്നത് അല്പത്തമാണ്. റെയിൽവേ സ്റ്റേഷനുകളുടെ വികസനവും പാത ഇരട്ടിപ്പിക്കലുമെല്ലാം കേന്ദ്ര സർക്കാരിന്റെ നേട്ടമാണ്. ആധുനിക പാസ്‌പോർട്ട് ഓഫീസ് എത്തിച്ചത് കേന്ദ്ര മന്ത്രി വി. മുരളീധരനാണ്. ജോസ് കെ. മാണി എം.പി ആയിരുന്നപ്പോൾ മണ്ഡലത്തിനായി എന്തെങ്കിലും ചെയ്തിരുന്നോ?
- ലിജിൻ ലാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അവസരം പാഴാക്കി
ഇടതുമുന്നണിയുടെ ഭാഗമായ എം.പിക്ക് ഒട്ടേറെ കാര്യങ്ങൾ നേടിയെടുക്കാമായിരുന്നെങ്കിലും ചെറുവിരൽപോലും അനക്കിയില്ല. റബർ വിലയിടിവ് തടയാൻ ശ്രമിച്ചില്ല. സയൻസ് സിറ്റി അസ്ഥികൂടമായി നിൽക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷനും പാലായിലെ ട്രിപ്പിൾ ഐ.ടിയും മുന്നോട്ടുപോയില്ല.
- ഫിൽസൺ മാത്യൂസ്, യു.ഡി.എഫ് ജില്ലാ കൺവീനർ
2019- ലെ വോട്ട്
തോമസ് ചാഴികാടൻ- (കേ. കോൺ- എം)- 4,21,046
വി.എൻ. വാസവൻ- (സി.പി.എം)- 3,14,787
പി.സി.തോമസ്- (എൻ.ഡി.എ)- 1,55,135