
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനമായ നാളെ ആശുപത്രിയിലെ ഒ പിയടക്കം അടച്ചിട്ട് അവധി നൽകാനുള്ള തീരുമാനം ഡൽഹി എയിംസ് പിൻവലിച്ചു. ജീവനക്കാർക്ക് ഉച്ചവരെ അവധി നൽകാനുള്ള തീരുമാനമാണ് വിമർശനങ്ങളെത്തുടർന്ന് പിൻവലിച്ചത്.
നാളെ ഒപി വിഭാഗം തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനമായിരിക്കുന്നത്. രോഗികൾക്കുണ്ടാകാവുന്ന അസൗകര്യം കണക്കിലെടുത്താണ് അവധി പിൻവലിച്ചതെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങുകളോടനുബന്ധിച്ച് ഉച്ചയ്ക്ക് 2.30വരെ ഒപിയടക്കം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം, ഭുവനേശ്വറിലെ എയിംസ് നാളെ ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എയിംസിൽ അവധി നൽകിയ തീരുമാനത്തിനെതിരെ രാജ്യസഭാ എംപിയും അഭിഭാഷകനുമായ കപിൽ സിബൽ വിമർശനം ഉന്നയിച്ചിരുന്നു. എയിംസിലെ ഒപിഡി ജനുവരി 22ന് ഉച്ചയ്ക്ക് 2.30വരെ അടച്ചിടും. രാമരാജ്യത്ത് ഇതൊരിക്കലും സംഭവിക്കില്ല'- എന്നായിരുന്നു കപിൽ സിബൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
അതേസമയം, പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് (ജിപ്‌മർ) അടച്ചിടുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. രോഗികൾക്ക് ബുദ്ധിമുട്ട് വരാതെ നോക്കുമെന്ന അധികൃതരുടെ ഉറപ്പ് ഹൈക്കോടതി അംഗീകരിച്ചു.
അടിയന്ത ശസ്ത്രക്രിയ നടത്താനുള്ള ആളുകൾ രാവിലെ ഡ്യൂട്ടിക്ക് കയറുമെന്നും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടില്ലെന്നും ആശുപത്രി അധികൃതർ ഉറപ്പ് നൽകിയിരിക്കുകയാണ്.