saniya-mirza

കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഷൊയിബ് മാലിക്ക് വീണ്ടും വിവാഹിതനായത്. നടി സന ജാവേദാണ് വധു. വിവാഹത്തിൽ ഷൊയിബിന്റെ കുടുംബാംഗങ്ങൾക്ക് താത്പര്യമില്ലായിരുന്നെന്നും അതിനാൽ ചടങ്ങിൽ പങ്കെടുത്തില്ലെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഷൊയിബിന്റെ മൂന്നാം വിവാഹമാണിത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ഷൊയിബിന്റെ രണ്ടാം ഭാര്യയാണ്. വിവാഹമോചനം നേടാനുള്ള തീരുമാനം സാനിയയുടേതായിരുന്നുവെന്ന് പിതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഷൊയിബിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംമടുത്താണ് സാനിയ വിവാഹ മോചനം നേടിയതെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആദ്യ ഭാര്യയായ അയേഷ സിദ്ദിഖിൽ നിന്ന് വിവാഹ മോചനം നേടിയായ ഷൊയിബ് 2010ലായിരുന്നു സാനിയയെ വിവാഹം ചെയ്തത്. 2018ൽ ഇവർക്ക് മകൻ ജനിച്ചു. ദുബായിലായിരുന്നു താമസം. മകൻ സാനിയയ്ക്കൊപ്പമാണ്.


അതേസമയം, മാസങ്ങൾക്ക് മുമ്പ് ഷൊയിബുമായുള്ള ബന്ധം വേർപെടുത്തിയിരുന്നെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാനിയയുടെ കുടുംബം പ്രതികരിച്ചു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന മുൻ ഭർത്താവിന് സാനിയ ആശംസ അറിയിച്ചിട്ടുണ്ടെന്നും സ്വകാര്യതയെ മാനിക്കണമെന്നും കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.