
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഹിമാചൽ പ്രദേശിൽ നാളെ പൊതുഅവധി. ഇത് ആദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിക്കുന്നത്. അയോദ്ധ്യയിൽ നാളെ നടക്കാനിരിക്കുന്ന ചർങ്ങ് ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോൺഗ്രസ് വിമർശനത്തിനിടെയാണ് അവധി പ്രഖ്യാപിച്ചുളള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിൽ ഇതിനോടകം ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനമായ നാളെ ആശുപത്രിയിലെ ഒ പിയടക്കം അടച്ചിട്ട് അവധി നൽകാനുള്ള തീരുമാനം ഡൽഹി എയിംസ് പിൻവലിച്ചു. ജീവനക്കാർക്ക് ഉച്ചവരെ അവധി നൽകാനുള്ള തീരുമാനമാണ് വിമർശനങ്ങളെത്തുടർന്ന് പിൻവലിച്ചത്. നാളെ ഒപി വിഭാഗം തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനമായിരിക്കുന്നത്. രോഗികൾക്കുണ്ടാകാവുന്ന അസൗകര്യം കണക്കിലെടുത്താണ് അവധി പിൻവലിച്ചതെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങുകളോടനുബന്ധിച്ച് ഉച്ചയ്ക്ക് 2.30വരെ ഒപിയടക്കം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം, ഭുവനേശ്വറിലെ എയിംസ് നാളെ ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.എയിംസിൽ അവധി നൽകിയ തീരുമാനത്തിനെതിരെ രാജ്യസഭാ എംപിയും അഭിഭാഷകനുമായ കപിൽ സിബൽ വിമർശനം ഉന്നയിച്ചിരുന്നു. എയിംസിലെ ഒപിഡി ജനുവരി 22ന് ഉച്ചയ്ക്ക് 2.30വരെ അടച്ചിടും. രാമരാജ്യത്ത് ഇതൊരിക്കലും സംഭവിക്കില്ല'- എന്നായിരുന്നു കപിൽ സിബൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.