
കൊച്ചി: കടുത്ത വേനൽച്ചൂട് വീടിനുള്ളിലേക്കു കടക്കുന്നത് ചെറുക്കാൻ 90കാരനായ കൊച്ചി കാരിക്കാമുറി സ്വദേശി വി.കെ. കൃഷ്ണൻ നടത്തിയ ചെലവു തീരെ കുറഞ്ഞ സിമ്പിൾ പരീക്ഷണം വിജയം. 2000 ചതുരശ്രഅടി ടെറസ് വീടിനുമുന്നിൽ 15വർഷംമുമ്പ് പച്ചഷേഡ് നെറ്റ് കെട്ടിയാണ് കാർ പാർക്ക് ചെയ്തിരുന്നത്.
പിന്നീട് ഷീറ്റ് മേഞ്ഞ് കാർഷെഡ് കെട്ടിയപ്പോൾ ഷേഡ്നെറ്റ് മാറ്റിയില്ല. ഈ ഷെഡിൽ എത്ര വേനലിലും കാര്യമായ ചൂടില്ല. ടെറസിൽ പത്തുവർഷം മുമ്പ് പണിത ഷീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ വെറുതേ ഒരു പരീക്ഷണത്തിനായി കഴിഞ്ഞ വേനലിലാണ് കൃഷ്ണൻ ഷേഡ്നെറ്റ് വിരിച്ചുനോക്കിയത്.
1500ചതുരശ്രയടി നെറ്റ് ഇവിടെ വിരിച്ചു. ചെലവായത് 2000 രൂപ മാത്രം. ഷേഡ് നെറ്റ് വിരിച്ച പ്രതലത്തിൽ സൂര്യരശ്മി പ്രതിഫലിക്കാത്തതാണ് ചൂട് കുറയാൻ കാരണമെന്ന് ഫിസിക്സ് ബിരുദധാരിയായ കൃഷ്ണൻ പറയുന്നു.
തൊഴിൽവകുപ്പിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കൃഷ്ണന്റെ എറണാകുളം നഗരമദ്ധ്യത്തിലെ ഏഴരസെന്റ് ഭൂമിയിലെ വീട്ടിൽ നിറയെ ചെറുമരങ്ങളും ചെടികളുമാണ്. ഇതും ചൂടുകുറയാൻ സഹായിക്കുന്നുണ്ട്. ഈ പ്രായത്തിലും പൊതുരംഗത്തും സജീവമാണ് വി.കെ. കൃഷ്ണൻ. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി വൈസ് ചെയർമാൻ, ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ, തമ്മനം ശ്രീനാരായണ ക്ലബ് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നുണ്ട്.
പി.എസ്.സി അണ്ടർ സെക്രട്ടറിയായിരുന്ന പി.പി. വസന്തയാണ് ഭാര്യ. മകൾ ഹൈസ്കൂൾ അദ്ധ്യാപികയായ സീന സലിൽ.
പലർക്കും ഈ ഒരു ആശയം അറിയില്ല. ചൂടിനെ ചെറുക്കാൻ ഫലപ്രദമായി ഉപയോഗിക്കാം. ഇപ്പോൾ റൂഫ് ചെയ്യാത്ത വീടുകൾ കുറവാണ്. ഇതിന് മുകളിൽ ഷേഡ് നെറ്റ് വിരിച്ചാൽ ചൂടിനെ അതിജീവിക്കാം. ആർക്കും എന്റെ വീട്ടിൽവന്ന് വ്യത്യാസം പരിശോധിക്കാം.
വി.കെ. കൃഷ്ണൻ