
പനജി: ഭാര്യയെ കടലിൽ തള്ളിയിട്ടു കൊന്ന കേസിൽ ആഡംബര ഹോട്ടലിലെ മാനേജരായ 29കാരൻ അറസ്റ്റിൽ. ലക്നൗ സ്വദേശിയായ ഗൗരവ് കത്യാവാറാണ് ഭാര്യ ദിക്ഷ ഗംഗ്വാറിനെ (27) കൊന്നത്. അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ഗൗരവ് ശ്രമിച്ചെങ്കിലും ദിക്ഷയെ കടലിൽ തള്ളിയിടുന്ന വീഡിയോ പൊലീസിന് ലഭിച്ചതാണ് വഴിത്തിരിവായത്.
ഗൗരവ് ഭാര്യയുമായി ബീച്ചിലേക്കു വരുന്നതിന്റെയും മരണം ഉറപ്പു വരുത്തി മടങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ദിക്ഷയുടെ മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ട്. ഇത് ഗൗരവ് മർദ്ദിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 3.40നായിരുന്നു സംഭവം. ജോലിസ്ഥലത്തു നിന്ന് ദിക്ഷയെ കൂട്ടിയ ഇയാൾ ബീച്ചിൽ കുറേനേരം ചെലവഴിച്ചു. തുടർന്ന് പാറക്കൂട്ടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും കടലിലേക്കു തള്ളിയിടുകയുമായിരുന്നു. ഇയാൾ ഒറ്റയ്ക്ക് തിരിച്ചു വരുന്നതുകണ്ട ചിലർ പൊലീസിൽ അറിയിച്ചു. ഇരുവരും ഒന്നിച്ച് കടലിൽ ഇറങ്ങുന്നത് കണ്ടെന്നും എന്നാൽ തിരിച്ചെത്തിയപ്പോൾ യുവതിയെ കണ്ടില്ലെന്നും പറഞ്ഞു.
ഒരു വിനോദ സഞ്ചാരിയുടെ പക്കലുണ്ടായിരുന്ന വീഡിയോയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ട്. എന്നാൽ, ദിക്ഷ അബദ്ധത്തിൽ കടലിൽ വീണെന്നാണ് ഗൗരവ് അറിയിച്ചത്.
അപകടമരണമെന്ന് വരുത്തി തീർക്കാൻ ഗൗരവ് ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു.
ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഗൗരവിന് വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.