
മുഖത്തെ കറുത്ത പാടുകളും കുരുക്കളുമൊക്കെ മാറ്റാനായി പല വിധത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് പരാജയപ്പെടുന്നവരാണ് പലരും. കാശ് മുടക്കി വാങ്ങുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ ശരിയായ ഫലം തരാത്തതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് വിവിധ തരത്തിലുളള ചർമ്മം. എല്ലാവർക്കും ഒരേ തരത്തിലുള്ള ചർമ്മമല്ല ഉള്ളത്.
അതുകൊണ്ട് തന്നെ അതത് ചർമ്മത്തിന് ഉതകുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ വരണ്ട ചർമ്മമുള്ളവർക്കും എണ്ണമയമുളള ചർമ്മമുളളവർക്കും പാർശ്വഫലങ്ങളും അധിക പണചെലവില്ലാതെ വീട്ടിൽ തന്നെ നിർമിക്കാവുന്ന ഫേസ് പാക്കുകളെ കുറിച്ചറിയാം. വരണ്ട ചർമ്മമുളളവർ ഫേസ് പാക്കിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഒന്നാണ് തേൻ. തേനിന്റെ സ്വാഭാവികമായ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വരണ്ട ചർമ്മത്തിന് ഏറെ സഹായകരമാണ്. തണുപ്പ് കാലത്താണ് വരണ്ട ചർമ്മക്കാർ ഏറെ പ്രശ്നങ്ങൾ നേരിടുന്നത്.
വരണ്ട ചർമ്മമുളളവർ മുഖം മിനുക്കാൻ ചെയ്യേണ്ടത്
•തേനും പാലും ചേർന്ന മിശ്രിതം മുഖത്തിടുന്നത് ഈർപ്പം നഷ്ടപ്പെടാതെ സഹായിക്കും.
•കൂടുതൽ പാൽ ഉപയോഗിക്കുന്നതിനനുസരിച്ച് ഫലത്തിലും വ്യത്യാസമുണ്ടാകും
•തേനിനൊപ്പം രണ്ട് തുളളി എസൻഷ്യൽ ഓയിലും കറ്റാർ വാഴ ജെല്ലും മുഖത്തിട്ട ശേഷം കഴുകി കളയുന്നത് ചർമ്മത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കും.
എണ്ണമയമുള്ള ചർമ്മമുളളവർ ചെയ്യേണ്ടത്
എണ്ണമയമുളള ചർമ്മക്കാർക്ക് വളരെ ആവശ്യകരമായതാണ് ബേക്കിംഗ് സോഡ. ഇത് ചർമ്മത്തിലെ അമിതമായ എണ്ണയുടെ സാന്നിദ്ധ്യവും കറുത്ത പാടുകളും ഒഴിവാക്കാൻ സഹായിക്കും. ഇത്തരം ചർമ്മമുള്ളവർ ഒരു ടേബിൾ സ്പൂൺ വെള്ളവും ബേക്കിംഗ് സോഡയും മിശ്രിത രൂപത്തിലാക്കി ഫേസ് പാക്കായി ഉപയോഗിക്കുക. മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപ് കൈയിലെ ചർമ്മത്തിൽ പുരട്ടി വീര്യം പരീക്ഷിക്കേണ്ടതാണ്. കൂടാതെ അധിക സമയം ഈ ഫേസ് പാക്ക് മുഖത്ത് നിലനിർത്താതിരിക്കാനും ശ്രദ്ധിക്കുക.