forign

ജനുവരിയിൽ പിൻവലിച്ചത് 13,000 കോടി രൂപ

കൊച്ചി: അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ കരുതലോടെ നീങ്ങുന്നു. മുഖ്യ പലിശ നിരക്കുകൾ ഉടനടി കുറയാൻ ഇടയില്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ വ്യക്തമാക്കിയതോടെ കഴിഞ്ഞ വാരം യു.എസ് ബോണ്ടുകളുടെ മൂല്യം കൂടുകയും ഡോളർ ശക്തിയാർജിക്കുകയും ചെയ്തു. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ഓഹരി വിപണികളിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി. ജനുവരിയിൽ ഇതുവരെ 13,000 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങൾ പിൻവലിച്ചത്. ഡിസംബറിൽ 66,100 കോടി രൂപയുടെ നിക്ഷേപമാണ് അവർ ഓഹരി വിപണിയിൽ നടത്തിയത്.

ഇന്ത്യൻ ഓഹരികൾ ചരിത്ര മുന്നേറ്റം നടത്തുന്നതിനാൽ ലാഭമെടുപ്പ് തുടരാനാണ് സാദ്ധ്യതയെന്നും വിദഗ്ദ്ധർ പറയുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പലിശ വരുമാനത്തിൽ പ്രതീക്ഷിച്ച വർദ്ധനയുണ്ടാകാത്തതാണ് പൊടുന്നനെ വിപണിയിൽ വില്പന സമ്മർദ്ദം ശക്തമാക്കാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

അതേസമയം ഇന്ത്യൻ കടപ്പത്ര വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുകയാണ്. ജനുവരിയിൽ ഇതുവരെ 15,647 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങൾ കടപ്പത്രങ്ങളിൽ മുടക്കിയത്. തായ്‌വാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ഓഹരി വിപണികളിൽ നിന്നും വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുകയാണ്.