
തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ച് വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുളള ഗായിക കെഎസ് ചിത്രയുടെ സന്ദേശത്തിനെതിരെ സൂരജ് പ്രതികരിച്ചിരുന്നു.
ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിനും സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ചതിനുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ ഉണ്ണികൃഷ്ണനെ ജാമ്യത്തിൽ വിട്ടയച്ചു.
ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ വിമർശനം. വസ്തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നുവെന്നും സൂരജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൂരജിനെതിരെ സൈബർ ആക്രമണം ഉണ്ടായത്.