
കണ്ണൂർ: ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പനച്ചരക്ക് ശ്രീരാമന്റെ പേരാണെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തിട്ടില്ലെങ്കിൽ അവരെ കുത്തിക്കൊല്ലുന്ന നാടാണിതെന്നും അദ്ദേഹം വിമർശിച്ചു.
ടി പത്മനാഭന്റെ വാക്കുകൾ
'അയോദ്ധ്യയിൽ ഒരു പ്രാണപ്രതിഷ്ഠ നടക്കുന്നുണ്ട്. അതിനുവേണ്ടി കേരളത്തിൽ നിന്ന് പോയ ഓട്ടക്കാരി പി ടി ഉഷ ഏതൊക്കെ ശ്രീരാമനെക്കുറിച്ചാണ് വായിച്ചിട്ടുള്ളത്. ഏതൊക്കെ തുഞ്ചത്തെഴുത്തച്ചന്മാരുടെ അദ്ധ്യാത്മ രാമായണങ്ങളാണ് വായിച്ചിട്ടുള്ളതെന്നൊന്നും എനിക്കറിയില്ല. ഒരു കാര്യം സുഹൃത്തുക്കളെ അറിയാം, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പനച്ചരക്ക്, വച്ച ഉടനെ തന്നെ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണ്.
ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ജയ് ശ്രീറാം എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തിട്ടില്ലെങ്കിൽ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. സംഭവിച്ചിട്ടുണ്ട്. ഇനി അത് വർദ്ധിക്കാനാണ് എല്ലാവിധ സാദ്ധ്യതകളും. പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കും. അന്നത്തെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് ഈ ശ്രീരാമന്റെ പേരും അയോദ്ധ്യയിലെ ക്ഷേത്രവുമായിരിക്കും. യാതൊരു സംശയവുമില്ല. എം എ ബേബിയൊക്കെ സൂക്ഷിച്ചുകൊള്ളട്ടെ, വളരെ വളരെ സൂക്ഷിച്ചുകൊള്ളട്ടെ. ഈ തുറുപ്പ് ചീട്ടും വച്ചോണ്ടായിരിക്കും അവരുടെ കളി. എന്തായിരിക്കും സംഭവിക്കുകയെന്ന് ഞാൻ പറയുന്നില്ല.'- അദ്ദേഹം പറഞ്ഞു.