
ജീവിതമാണ് ലഹരി എന്നതാണല്ലോ പുതിയ മുദ്രാവാക്യം. ജീവിതമാകുന്ന സമസ്യയെ ലഹരിയാക്കി ജീവിതം ആസ്വദിക്കാൻ തന്നെയാണ് നമ്മൾ ഇപ്പോൾ പുതുതലമുറയോടും ആഹ്വാനം ചെയ്യുന്നത്. കുട്ടികൾക്കിടയിൽ പൊതുവെ ഈയിടെയായി ലഹരി എന്നത്, ചോക്ലേറ്റ് പോലെ നിത്യേന രുചിക്കാനും ഭക്ഷിക്കാനും ആസ്വദിക്കാനുമുള്ളൊരു പദാർത്ഥമായി അവരുടെ ചിന്തയിൽ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
മദ്യപിക്കാൻ ഒരു പ്രായം നിശ്ചയിച്ചിട്ടുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, സിനിമകളിലും സീരിയലുകളിലുമൊക്കെ മാത്രം കണ്ടിരുന്ന മദ്യപാനം, സ്വന്തം വീട്ടിൽത്തന്നെ കണ്ടുവളരുകയാണ് ഇന്നത്തെ ബാല്യങ്ങൾ. ഇത്തരം വീടുകളിൽ വളരുന്ന കുട്ടികൾ കൗമാരത്തിലേക്കു കടക്കുമ്പോൾത്തന്നെ അച്ഛനോ, ഒരുപക്ഷേ അമ്മയും ചേർന്നോ ഉപയോഗിച്ച് അവശേഷിപ്പിച്ച മദ്യം വാട്ടർബോട്ടിലിൽ വെള്ളത്തോടൊപ്പം ചേർത്ത് സ്‌കൂളിൽ കൊണ്ടുപോയി കൂട്ടുകാർക്കൊപ്പം രുചിക്കുന്ന കാഴ്ചയാണ് ഇന്ന് ക്ലാസ് മുറികളിൽ കാണേണ്ടിവരുന്നത്.
മാരക രാസപദാർത്ഥങ്ങൾ അടങ്ങിയ ലഹരിക്ക് അടിമപ്പെടുന്ന ഒരു ബാല്യത്തെയും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. സ്കൂളുകളിൽ മിഠായിയുടെയോ ഐസ്‌ക്രീമിന്റെയോ മധുരപലഹാരങ്ങളുടെയോ പാനീയങ്ങളുടെയോ ചേരുവകകളിൽ ലഹരിയുടെ അംശം കുട്ടികളെ കാത്തിരിപ്പുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മുടെ മക്കൾ ഇവ വാങ്ങി ഉപയോഗിക്കുന്നുണ്ടാകാം. പതിയെപ്പതിയെ ഈ മക്കൾ ഇവയുടെ സ്ഥിരം ഉപയോക്താക്കളായും പിന്നീട് വാഹകരായും പരിണമിക്കുന്നു. ശീലമാകുകയും സാമ്പത്തിക നേട്ടം കൈവരിക്കാനാകുകയും ചെയ്താൽ അതിൽ നിന്ന് മുക്തരാവുക വിഷമകരമാകും. നിർഭാഗ്യവശാൽ എല്ലാ മാതാപിതാക്കളും കരുതുന്നത്, തങ്ങളുടെ മക്കൾ ഇത്തരം തെറ്റുകൾ ചെയ്യുകയില്ലെന്നാണ്!
രക്ഷിതാക്കൾ ഇത്തരം അബദ്ധധാരണകൾ മാറ്റിയാൽത്തന്നെ നമുക്കൊരുമിച്ചു ചേർന്ന് നമ്മുടെ പൊന്നോമന മക്കളെ രക്ഷിക്കാൻ കഴിയും. ആദ്യം വേണ്ടത് മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും മാതൃകാപരമായ കുടുംബജീവിതം നയിക്കാനും, മക്കൾക്ക് കാപട്യമില്ലാത്ത സ്‌നേഹവും പരിലാളനവും പങ്കുവയ്ക്കാനും, സ്വന്തം മകനെയും മകളെയും ചെറുപ്രായം മുതൽതന്നെ വ്യക്തികളായി പരിഗണിച്ച് അംഗീകരിക്കാനും ബഹുമാനിക്കാനും കൂടി തയ്യാറാവുകയാണ്. അതിനൊപ്പം മക്കളുടെ പഠനകാലഘട്ടത്തിൽ അവരുടെ പെരുമാറ്റവും പ്രവൃത്തികളും സൗഹൃദങ്ങളും നിരീക്ഷണവിധേയമാക്കുകയും വേണം.
അഭിനന്ദനങ്ങളും അംഗീകാരങ്ങളും അർഹിക്കുന്നവരാണ് കുട്ടികളെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. അനാവശ്യമായ കുറ്റപ്പെടുത്തലുകളും താരതമ്യങ്ങളും ഉപേക്ഷിക്കുക. ഉചിത സന്ദർഭങ്ങളിലെല്ലാം അവർക്ക് പോസിറ്റീവ് ആയ അഭിനന്ദനങ്ങളിലൂടെ അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ ശ്രദ്ധിക്കുക. അച്ഛനമ്മമാരുടെ സ്വാഭാവികവും കളങ്കരഹിതവുമായ സ്നേഹപരിഗണനകൾ ലഭിക്കുന്ന മക്കൾക്ക് തെറ്റുകൾ ചെയ്യാനോ, ജന്മം നൽകിയവരെ വേദനിപ്പിക്കാനോ കഴിയില്ല. നമുക്കെല്ലാം ചേർന്ന് ആത്മബോധവും ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുള്ള ഭാവിതലമുറയെ വളർത്തിയെടുക്കാം.
(ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ ആണ് ലേഖകൻ)