
ശ്രീനാരായണ ഗുരുദേവന്റെ സന്യസ്ത ശിഷ്യപ്രശിഷ്യ പരമ്പരയിൽ ഒരു അതികായൻ കൂടി തിരോധാനം ചെയ്തിരിക്കുന്നു. അസ്പർശാനന്ദസ്വാമികൾ കർമ്മവും ജ്ഞാനവും സമന്വയിപ്പിച്ച് അതുല്യ പ്രാഭവത്തോടെ ഗുരുദേവ സേവയിൽ മുഴുകിയ ധന്യചരിതനാണ്. ഗുരുദേവ പ്രസ്ഥാനത്തെ പോഷിപ്പിക്കുന്നതിലും ഗുരുസന്ദേശ പ്രചാരണത്തിലും സ്വാമികൾ സദാ ത്യാഗനിരതനായിരുന്നു.
1976 ആഗസ്റ്റിലാണ് സ്വാമികൾ ശിവഗിരിയിലെത്തിച്ചേർന്നത്. ഗുരുദേവന്റെ മഹാസങ്കല്പമായ മതമഹാ പാഠശാലയിലെ ഏഴുവർഷ കോഴ്സിൽ ബ്രഹ്മചാരിയായി ചേർന്ന് പഠനമാരംഭിച്ചു. സ്വാമികളുടെ സ്വദേശം ഇടുക്കി ജില്ലയിലെ മുനിയറയാണ്. അച്ഛൻ നീലകണ്ഠൻ കുഞ്ഞുമോനും അമ്മ കാർത്ത്യായനിയും. 1960 ജൂലൈ 27 ന് പൂയം നക്ഷത്രത്തിൽ ജനനം. ഈ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തയാളായിരുന്നു ശിവദാസൻ. സ്വാമിയുടെ പൂർവാശ്രമ നാമം അതായിരുന്നു. പാറത്തോട് ഹൈസ്കൂളിൽ നിന്ന് മികച്ച രീതിയിൽ എസ്.എസ്.എൽ.സി പാസ്സായതിനു ശേഷമായിരുന്നു ശിവഗിരിയിലേക്കുള്ള യാത്ര.
ശിവഗിരിയിലെ
പഠനകാലം
കുടുംബത്തിന്റെ ആത്മീയ പശ്ചാത്തലവും സത്യാന്വേഷണ തത്പരതയുമാണ് ശിവദാസനെ ശിവഗിരിയിലെത്തിച്ചത്. അച്ഛൻ കുഞ്ഞുമോൻ ശിവദാസനുമായി ശിവഗിരിയിലെത്തിയപ്പോൾ ഞാൻ ശിവഗിരിയിലെത്തി ബ്രഹ്മചാരിയായിക്കഴിഞ്ഞിരുന്നു. അച്ഛൻ കുഞ്ഞുമോൻ എന്നോടു പറഞ്ഞു: ശിവദാസനെ ഒരു അനുജനെപ്പോലെ കാണണം; സഹായിക്കണം. ആ ഒരു സ്നേഹമസൃണമായ ബന്ധം ഞങ്ങൾ പുലർത്തിപ്പോരുകയായിരുന്നു.
ബ്രഹ്മവിദ്യാലയത്തിന്റെ മുഖ്യാചാര്യൻ മഹാപണ്ഡിതനായ പ്രൊഫ. എം. എച്ച്. ശാസ്ത്രിസാർ ആയിരുന്നു. ആചാര്യന്മാരായി വി. കുഞ്ഞുകൃഷ്ണൻ, ചക്രപാണി, രാഘവൻ (ഇംഗ്ലീഷ് അദ്ധ്യാപകൻ) തുടങ്ങിയവർ. സീനിയർ ബ്രഹ്മചാരികളായിരുന്നു സുധാകരൻ (സ്വാമി സുധാനന്ദ), ശശിധരൻ (സ്വാമി ശാശ്വതീകാനന്ദ), സുഗതൻ (സ്വാമി വിദ്യാനന്ദ), പുരുഷോത്തമൻ (സ്വാമി അമൃതാനന്ദ) എന്നിവർ. ഈ സംഘത്തിൽ ശിവഗിരിയിൽ നിന്ന് വടക്കേ ഇന്ത്യയിൽ പോയ സോമനാഥൻ, സ്വാമി വിശുദ്ധാനന്ദയായി മടങ്ങിയെത്തി. രാമചന്ദ്രൻ സ്വാമി ചിദ്രൂപാനന്ദയായി. ഞങ്ങളുടെ ബാച്ചിൽ പതിനാറ് ബ്രഹ്മചാരികളുണ്ടായിരുന്നു. അതിൽ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാൻ മൂന്നുപേർ മാത്രം. അതിലൊരാളാണ് ശിവദാസൻ.
ജ്ഞാനത്തിന്റെ
പ്രകാശം
ബ്രഹ്മവിദ്യാലയത്തിലെ അദ്ധ്യയനം ഗുരുകുല സമ്പ്രദായത്തിലാണ്. സംസ്കൃതമായിരുന്നു മീഡിയം. ഉപനിഷത്തുകൾ, ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഭാരതീയ വേദാന്ത ശാസ്ത്രങ്ങൾ ശാങ്കരഭാഷ്യത്തോടുകൂടി ഗുരുദേവ ദർശനത്തിന്റെ വെളിച്ചത്തിൽ പഠിക്കണം. ഭാഷാപഠനത്തിലും വേദാന്തപഠനത്തിലുമൊക്കെ ശിവദാസൻ വളരെ ശ്രദ്ധാലുവായിരുന്നു. അന്ന് ധർമ്മസംഘം പ്രസിഡന്റ് ആയിരുന്ന സ്വാമി ബ്രഹ്മാനന്ദ, ജനറൽ സെക്രട്ടറിയായിരുന്ന സ്വാമി പ്രകാശാനന്ദ, സംരക്ഷണാചാര്യനായിരുന്ന സ്വാമി നിജാനന്ദ എന്നിവരുടെ മാർഗനിർദ്ദേശം ശിവദാസന് വേണ്ടവണ്ണം ലഭിച്ചു.
ഇതിനകം സന്യാസദീക്ഷ സ്വീകരിച്ചുകഴിഞ്ഞിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ വലിയൊരു സഹായിയായി ശിവദാസൻ മാറി. സ്വാമിയിൽ നിന്നു നേരിട്ട് വേദാന്തമൊക്കെ പഠിക്കുവാനും ലോകപരിചയം നേടുവാനും അവസരം ലഭിച്ചു. 1982-ൽ കോഴ്സ് പൂർത്തിയാകുമ്പോൾ ഞങ്ങൾ കുറേപ്പേ സന്യാസം സ്വീകരിച്ചപ്പോൾ ബ്രഹ്മചാരി ശിവദാസൻ ഉപരിപഠനത്തിനായി വടക്കേയിന്ത്യയിൽ പോവുകയായിരുന്നു. ശാശ്വതീകാനന്ദ സ്വാമിയാണ് അതിന് അവസരമൊരുക്കിയത്. അവിടെ പല ആശ്രമങ്ങളിലും താമസിച്ചു. ചിന്മയ മിഷനുമായി ബന്ധപ്പെട്ട് അവിടെച്ചേർന്ന് കുറേക്കാലം പഠിച്ചു.
അതിനിടയിൽ ഞാൻ സന്യാസം സ്വീകരിച്ച് മദ്രാസിലെ ആശ്രമമായ ശ്രീനാരായണ മന്ദിരത്തിന്റെ ചുമതലയേറ്റിയിരുന്നു. ബ്രഹ്മചാരി ശിവദാസൻ അവിടെ എന്നോടൊപ്പം താമസിക്കുകയും അവിടെയുണ്ടായിരുന്ന ചിന്മയാ മിഷന്റെ ആചാര്യൻ സ്വാമി പരമാർത്ഥാനന്ദയുടെ അടുത്ത് വേദാന്തം പഠിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ ചിന്മയാ മിഷന്റെ ആചാര്യനായ സ്വാമി ദയാനന്ദയുമായി പരിചയപ്പെട്ട് ആനക്കട്ടിയിൽ അദ്ദേഹത്തിനു കീഴിലും ബ്രഹ്മവിദ്യയും വേദാന്തവും അഭ്യസിച്ചു. തുടർന്ന് 1987- ലാണ് ശാശ്വതീകാനന്ദ സ്വാമിയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് ശിവദാസൻ സ്വാമി അസ്പർശാനന്ദയായി മാറിയത്.
വിശ്വഗാജിയിൽ
എത്തുന്നു
ആലുവാ അദ്വൈതാശ്രമത്തിൽ സ്വാമി ഗീതാനന്ദ ആശ്രമച്ചുമതല വഹിച്ചിരുന്ന കാലയളവിൽ സ്വാമിയുടെ സഹായിയായി അസ്പർശാനന്ദ സ്വാമി ഉണ്ടായിരുന്നു. പിന്നീട് എറണാകുളം ശങ്കരാനന്ദ ആശ്രമത്തിലും തൃപ്പൂണിത്തുറയിലെ നരസിംഹ ആശ്രമത്തിലും കൊറ്റനല്ലൂർ ശിവഗിരി ശ്രീബ്രഹ്മാനന്ദാലയത്തിലും സ്വാമി സേവനമനുഷ്ഠിച്ചു. പിന്നീടാണ് ചേർത്തലയിലെ ശങ്കരാനന്ദ ശിവയോഗി സ്വാമികൾ സ്ഥാപിച്ച വിശ്വഗാജി മഠത്തിൽ എത്തിച്ചേരുന്നത്.
28 വർഷം അദ്ദേഹം ഈ ആശ്രമത്തിന്റെ ചുമതല വഹിച്ച കാലയളവിൽ ആശ്രമം എല്ലാ രീതിയിലും പുരോഗതി പ്രാപിച്ചു. അവിടെ മനോഹരമായൊരു ക്ഷേത്രം ഉയർന്നുവന്നു. ക്ഷേത്രത്തോടു ചേർന്ന് ഗുരുദേവന്റെയും ശങ്കരാനന്ദ സ്വാമികളുടെയും പ്രതിഷ്ഠകുണ്ടായി. അതിനോടു ചേർന്ന് ഒരു ആയുർവേദ ചികിത്സാ വിഭാഗം ആരംഭിച്ചു. സമീപത്തുതന്നെ ഗുരുധർമ്മ പ്രചരണ സഭയുടെ സഹകരണത്തോടെ ഒരു ക്ഷേത്രവും സ്വത്തുക്കളുമൊക്കെ ഉണ്ടായി. ഇതെല്ലാം നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുവാൻ സ്വാമിക്കു സാധിച്ചു.
ശിവഗിരി മാസികയുടെ പ്രവർത്തനങ്ങളിലും സ്വാമി ശ്രദ്ധാലുവായി. സ്വാമി അവ്യയാനന്ദയോടൊപ്പം ശിവഗിരി മാസിക എഡിറ്റ് ചെയ്യുന്നതിലും ലേഖകന്മാരെ കണ്ടെത്തുന്നതിലും പരസ്യങ്ങൾ വാങ്ങി സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് മാസികയെ പരിരക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായി. ആലുവാ അദ്വൈതാശ്രമത്തിൽ എല്ലാ വർഷവും നടന്നുവരുന്ന സർവ്വമത സമ്മേളനം സ്വാമിയുടെ ചുമതലയിൽ പലപ്രാവശ്യം നടന്നിട്ടുണ്ട്. ശ്രീനാരായണ ധർമ്മം അഥവാ ശ്രീനാരായണ സ്മൃതി ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ സ്വാമി വളരെ കാര്യരക്ഷമായി പ്രവർത്തിച്ചു.
ഗുരുദേവ സന്യസ്തശിഷ്യ പ്രശിഷ്യ പരമ്പരയിലെ വിദ്വാൻ, വാഗ്മി, പ്രഭാഷകൻ, സംഘാടകൻ, കർമ്മപടു തുടങ്ങിയ നിലകളിൽ അസ്പർശാനന്ദ സ്വാമി ചെയ്ത സേവനങ്ങൾ തികച്ചും മാതൃകാപരമാണ്. ഗുരുദേവന്റെ മഹാസങ്കല്പമായ ബ്രഹ്മവിദ്യാലയത്തിൽ ചെറുപ്പക്കാരെ സ്വീകരിച്ചു പഠിപ്പിച്ച് അവരിൽ വാസനയും യോഗ്യതയുമുള്ളവർക്ക് സന്യാസം നല്‍കി പരോപകാരാർത്ഥം വിട്ടയയ്ക്കണമെന്ന ഗുരുദേവന്റെ ഉപദേശം മാതൃകാപരമായി സാക്ഷാത്ക്കരിച്ച സ്വാമിയുടെ പാവനസ്മരണയ്ക്കു മുന്നിൽ പ്രണാമം.