rahul

ന്യൂഡൽഹി: രാഹുൽഗാന്ധി നടത്തുന്ന ജോ‌ഡോ ന്യായ് യാത്രയ്ക്കിടെ അസാമിൽ നാടകീയ സംഭവങ്ങൾ. കാവിക്കൊടിയേന്തി പ്രതിഷേധവുമായി എത്തിയവർക്കിടയിലേക്ക് രാഹുൽഗാന്ധി ഇറങ്ങിച്ചെന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചേർന്ന് രാഹുലിനെ തിരികെ ബസിൽ കയറ്റി.

യാത്രയുടെ നാലാം ദിവസമായ ഇന്നലെ വൈകിട്ട് ബിസ്വന്ത് ജില്ലയിൽ നിന്ന് നാഗോണിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
യാത്രയെ അനു​ഗമിച്ചവർക്കിടയിലേക്കാണ് ജയ് ശ്രീറാം, ജയ് മോദി മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ കടന്നു കയറിയത്.

യാത്രയ്ക്കിടെ ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തിയെന്നും മാദ്ധ്യമ പ്രവർത്തകരെ ഉൾപ്പെടെ മർദ്ദിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. 25ലധികം ബി.ജെ.പി പ്രവർത്തകർ വടിയുമായി ബസിന് മുന്നിൽ നിന്നെന്നും താൻ ഇറങ്ങിച്ചെന്നപ്പോൾ ഓടിപ്പോയെന്നും രാഹുൽ പറഞ്ഞു. അവർക്ക് എത്ര പോസ്റ്ററുകളും പ്ലക്കാർഡുകളും കീറിമുറിക്കാം, ഞങ്ങൾ കാര്യമാക്കുന്നില്ല. ആരെയും ഭയപ്പെടുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അസാം മുഖ്യമന്ത്രിയെയോ ഭയപ്പെടുന്നില്ല- രാഹുൽ പറഞ്ഞു.

സുനിത്പൂരിലെ ജമുഗുരി ഹാട്ടിൽ വച്ച് തന്റെ വാഹനം ആക്രമിച്ചെന്നും ന്യായ് യാത്രാ പോസ്റ്ററുകൾ കീറിക്കളഞ്ഞ് മുദ്രാവാക്യം മുഴക്കിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

യാത്രാ റൂട്ടിലെ പരിപാടികൾക്ക് അസാം സർക്കാർ അനുമതി നിഷേധിച്ചെന്നും പങ്കെടുക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസവും യാത്രയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് വാഹനങ്ങൾ ഉൾപ്പെടെ അടിച്ചുതകർത്തു.

ബി.ജെ.പിക്ക് ഭയം: ഖാർഗെ

ന്യായ് യാത്ര കണ്ട് ബി.ജെ.പിക്ക് ഭയമാണെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. അസാമിൽ ന്യായ് യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യായ് യാത്രയിൽ പങ്കെടുക്കാതിരിക്കാൻ ബി.ജെ.പി സർക്കാർ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. ബ്രിട്ടീഷുകാരെ ഭയക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. പിന്നെയല്ലേ ബി.ജെ.പിയെന്നും ഖാർഗെ പ്രതികരിച്ചു.

രാഹുലിന് അനുമതിയില്ല

അസാമിലെ ആത്മീയ ആചാര്യൻ ശ്രീ ശ്രീ ശങ്കർദേവിന്റെ ജന്മസ്ഥാനമായ ബട്ടദ്രവ സത്രം സന്ദർശിക്കാൻ രാഹുലിന് അനുമതിയില്ല. ഇന്ന് രാമക്ഷേത്ര പ്രതിഷ്ഠാ സമയത്ത് സന്ദർശിക്കാനായിരുന്നു തീരുമാനം. എന്നാൽ,

പ്രതിഷ്ഠാ ചടങ്ങിനുശേഷം സന്ദർശനം അനുവദിക്കും. തിരക്കും മറ്റും കണക്കിലെടുത്താണ് സമയം മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. പ്രതിഷ്ഠാചടങ്ങിന് ശേഷമേ രാഹുൽ സന്ദർശനം നടത്താവൂ എന്ന് അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ആവശ്യപ്പെട്ടിരുന്നു.