s

ഗുരുദേവ ശിഷ്യ പരമ്പരയിലെ ശ്രദ്ധേയനായ സന്യാസി ശ്രേഷ്ഠനായിരുന്നു ഇന്നലെ സമാധി പ്രാപിച്ച അസ്പർശാനന്ദ സ്വാമി. ഗുരുധർമ്മത്തിൽ അടിയുറച്ച ഗുരുചര്യയായിരുന്നു സ്വാമിയുടേത്. അന്യജീവനുതകി പരോപകാരം പ്രയത്നിക്കണമെന്ന ഗുരുദേവ സന്ദേശം ജീവിതത്തിൽ പകര്‍ത്തിയ സ്വാമി സമൂഹത്തിനൊപ്പം അവരിലൊരാളായി ഗുരുദേവന്റെ പതിത കാരുണ്യം പ്രകാശിപ്പിച്ച് ജീവിതം ധന്യമാക്കി. സാമൂഹ്യ സേവനത്തിന്റെ ഒട്ടേറെ മാതൃകകൾ സ്വാമി സംഭാവന ചെയ്തിട്ടുണ്ട്. സംശുദ്ധമായ ആത്മീയ ജീവിതത്തിൽ നിന്ന് അല്പവും വ്യതിചലിക്കാതെ,​ എങ്ങനെ സമൂഹത്തെ ഉദ്ധരിക്കാനും നയിക്കാനും കഴിയുമെന്ന് സ്വജീവിതംകൊണ്ട് സ്വാമിജി കാണിച്ചു തന്നു.

ഇതെല്ലാംകൊണ്ടുതന്നെ തന്റെ ജീവിതത്തെ കർമ്മസന്യാസ യോഗമാക്കിത്തീർത്ത സ്വാമികളുടെ ദേഹവിയോഗം ഗുരുദേവ സന്യസ്ത ശിഷ്യ പരമ്പരയ്ക്കു മാത്രമല്ല,​ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടം തന്നെയാണ്. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ഈ ദേഹവിയോഗത്തെ കാലത്തിന്റെ അനിവാര്യതയെന്നോ വിധി നിയോഗമെന്നോ പറഞ്ഞ് സമാധാനിക്കാനേ നിവൃത്തിയുള്ളൂ. യേശുദേവൻ പറഞ്ഞതുപോലെ,​ ചുറ്റുപാടും വെളിച്ചം പരത്താനായി മലമുകളിൽ എരിഞ്ഞുനിന്ന ദീപം കണക്കെയായിരുന്നു സ്വാമിയുടെ ജീവിതം. ശീഘ്ര ക‌ർത്തവ്യകൃത്തായും പ്രശാന്ത ചിത്തനായും സമഭാവനയോടെ ഗുരുധർമ്മത്തെ സ്വധർമ്മമാക്കി ചിന്തിച്ചും പ്രവർത്തിച്ചും നിയോഗം പൂർത്തിയാക്കിയ സ്വാമിയുടെ ആത്മസൗഹൃദം ഒരു പൂവിന്റെ വിരിയൽ പോലെ സ്വച്ഛമായിരുന്നു.

ഇടുക്കിയിലെ മുനിയറ എന്ന കാർഷിക ഗ്രാമത്തിൽ നിന്ന് പത്താംക്ലാസ് കഴിഞ്ഞയുടൻ ശിവഗിരി മഠത്തിലെത്തി അന്തേവാസിയും ബ്രഹ്മചാരിയുമായി കഴിഞ്ഞ ശിവദാസ് ബ്രഹ്മവിദ്യാ പഠനത്തിൽ സൂക്ഷ്മദൃക്കും ദത്തശ്രദ്ധനുമായ വിദ്യാർത്ഥിയായിരുന്നു. തന്റെ ജീവിതം ഗുരുസേവയ്ക്കായി സമർപ്പണം ചെയ്യത്തക്ക വിധം സാധനാധ്യാനങ്ങളിലൂടെ സ്വാദ്ധ്യായം ചെയ്തും മനനം ചെയ്തും പതം വരുത്താൻ ശിവദാസിന് അനായാസം കഴിഞ്ഞിരുന്നു. പഠന ശേഷം ഭാരതത്തിലുടനീളം പരിവ്രാജകനായി തീർത്ഥാടനം നടത്തി ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കംചെയ്ത് സന്യാസത്തിന് തീർത്തും അർഹനായി. സംസ്കൃത ഭാഷയിൽ സംസാരിക്കാൻതക്ക വിധം പ്രവീണ്യം നേടിയ അദ്ദേഹം അതിനകം ഗുരുദേവ ദർശനത്തിൽ അവഗാഹമായ പാണ്ഡിത്യം നേടിയിരുന്നു. എഴുതുന്നതിനേക്കാൾ കാവ്യാത്മകമായി പറയുന്നതിലായിരുന്നു സ്വാമിയുടെ മികവ്.

1987- ലെ ചിത്രാപൗർണ്ണമി ദിനത്തിലാണ് ബ്രഹ്മചാരി ശിവദാസ് അന്നത്തെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ശാശ്വതീകാനന്ദ സ്വാമികളിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി അസ്പർശാനന്ദയായത്. ചിദംബരാനന്ദ സ്വാമിക്കും അവ്യയാനന്ദ സ്വാമിക്കുമൊപ്പം ഗുരുപരമ്പരയിലെ കണ്ണിയായിത്തീർന്ന സ്വാമി നന്നേ ചെറുപ്പത്തിൽ തന്നെ ആലുവാ അദ്വൈതാശ്രമത്തിന്റെ സെക്രട്ടറിയായി. വിപുലമായ സൗഹൃദവും ഉറച്ച സംഘടനാ പാടവവും ദീർഘ വീക്ഷണമുള്ള കർമ്മശേഷിയും ആഴത്തിലുള്ള ഗുരുദർശന പഠനവും ആശ്രമത്തിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ഗുരുധർമ്മ പ്രചാരണത്തിനും പടവുകളാക്കി. ആ യാത്രയ്ക്കിടയിലാണ് സ്വാമി ഇപ്പോൾ സമാധി പ്രാപിച്ചത്.

എറണാകുളം ശങ്കരാനന്ദ ആശ്രമത്തിലേയും ആലുവാ അദ്വൈതാശ്രമത്തിലേയും സേവനത്തിനു ശേഷം മുഹമ്മയിലെ വിശ്വഗാജി മഠത്തിന്റെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട സ്വാമി ആ പ്രദേശത്തിന്റെയാകെ കരുത്തും കരുതലുമായിത്തീർന്നിട്ട് ഇപ്പോൾ കാൽനൂറ്റാണ്ടിലേറെയായി. തൊഴിലില്ലായ്മയും ദാരിദ്ര്യവും അജ്ഞതയും കൊണ്ട് ജീവിതം ദുസ്സഹമായിത്തീർന്നിരുന്ന പ്രദേശവാസികൾക്ക് ഗരുദേവന്റെ അനുജ്ഞ ശിരസാ വഹിച്ച് വിവിധ കൈത്തൊഴിൽ മാർഗങ്ങൾ സ്വാമി രൂപപ്പെടുത്തിക്കൊടുത്തു. ഗുരുദേവൻ ഉപദേശിച്ച കൈത്തൊഴിലിന്റെയും കച്ചവടത്തിന്റെയും കൃഷിയുടെയും അവബോധം പരത്തി ദീർഘവീക്ഷണ പടുവായിരുന്ന സ്വാമികൾ ഒട്ടേറെ പ്രയത്നം ചെയ്ത് ധാരാളം കരകൗശല ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ പട്ടണങ്ങളിലും ആരോഗ്യവും കാലാവസ്ഥാ മാറ്റവും വകവയ്ക്കാതെ ഈ ഉത്പന്നങ്ങളുമായി സ്വാമി നിരന്തരം സഞ്ചരിച്ചു.

ഒരേസമയം സന്യാസിയും വാഗ്മിയും ഗരുധർമ്മ പ്രചാരകനും സംഘാടകനും ആശ്രമാധിപനും തൊഴിൽ സംരംഭകനും സമൂഹ ഉദ്ധാരകനുമായിരുന്നു സ്വാമികൾ. ഒപ്പമുള്ളവരെയും കർമ്മോജ്ജ്വലരാക്കി മാറ്റാനുള്ള ഒരു അസാധാരണ മികവ് സ്വാമിക്ക് സ്വാഭാവികമായി ഉണ്ടായിരുന്നു. ചിന്തകൊണ്ടും ചിരികൊണ്ടും ആരെയും ആകർഷിക്കുന്ന സവിശേഷ വ്യക്തിത്വത്തിനുടമയായ സ്വാമിക്ക് ഏതു കർമ്മവും ധ്യാനം പോലെയായിരുന്നു.