
ചെന്നൈ: വളർത്തുമകൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി നടി ഷക്കീല. മകൾ ശീതളിനെതിരെയാണ് പരാതി നൽകിയത്.
ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദ്ദനമേറ്റെന്ന് പരാതിയിൽ പറയുന്നു. ഇവരെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഷക്കീല ആക്രമിച്ചെന്ന് കാട്ടി ശീതളിന്റെ ബന്ധുക്കളും പൊലീസിൽ പരാതി നൽകി. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ഷക്കീല ഇവരെ ദത്തെടുത്ത് വളർത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ചെന്നൈ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.
ഇതിനിടെ ശീതൾ ഷക്കീലയെ ആക്രമിക്കുകയും തള്ളിയിട്ട ശേഷം വീട്ടിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തുവെന്നാണ് വിവരം. പ്രശ്ന പരിഹാരത്തിനായാണ് അഭിഭാഷക ശീതളിനെ സമീപിച്ചത്. ശീതൾ അധിക്ഷേപിച്ചെന്നും ബന്ധുക്കൾ മർദ്ദിച്ചെന്നുമാണ് അഭിഭാഷകയുടെ ആരോപണം. സംസാരിക്കുന്നതിനിടെ ശീതൾ ട്രേ എടുത്ത് ഷക്കീലയുടെ തലയിൽ അടിച്ചുവെന്നും ശീതളിന്റെ അമ്മ അഭിഭാഷയുടെ കൈ കടിച്ചുമുറിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രാഥമികഅന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.