renji-trophy

രഞ്ജി ട്രോഫിയിൽ മുംബയ്‌യെ തോൽപ്പിക്കാൻ അവസാന ദിവസം കേരളത്തിന് 303 റൺസ് കൂടി വേണം

തിരുവനന്തപുരം : ഒരു ദിവസവും പത്തുവിക്കറ്റുകളും ശേഷിക്കുന്നുണ്ട്. സഞ്ജു സാംസണിനെയും രോഹൻ പ്രേമിനെയും സച്ചിൻ ബേബിയേയും രോഹൻ എസ്.കുന്നുമ്മലിനെയും പോലുള്ള ബാറ്റർമാരുമുണ്ട്... ഇനി വേണ്ടത് 303 റൺസാണ് ; രഞ്ജി ട്രോഫിയിലെ മുടിചൂടാമന്നന്മാരായിരുന്ന മുംബയ്‌യെ കീഴടക്കാൻ.

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ കേരളവും മുംബയ്‌യും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടം ആവേശകരമായ ക്ളൈമാക്സിലേക്കാണ് നീങ്ങുന്നത്. മൂന്നാം ദിവസമായ ഇന്നലെ മുംബയ്‌യുടെ രണ്ടാം ഇന്നിംഗ്സ് 319 റൺസിൽ അവസാനിപ്പിച്ച കേരളം രണ്ടാം ഇന്നിംഗ്സിനിറങ്ങി കളി നിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസിലെത്തിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ 251 റൺസിന് ആൾഒൗട്ടായ മുംബയ്ക്ക് എതിരെ കേരളം 244 റൺസിന് പുറത്തായിരുന്നു. ഏഴുറൺസിന്റെ ലീഡുമായിറങ്ങിയ മുംബയ് ഇന്നലെ വിക്കറ്റ് നഷ്ടം കൂടാതെ 105 റൺസ് എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. 214 റൺസ് കൂടിയാണ് ഇന്നലെ മുംബയ് നേടിയത്.

ഓപ്പണർമാരായ ജയ് ബിസ്ത (73), ഭുപേൻ ലാൽവാനി (88) എന്നിവരുടെ മികച്ച ബാറ്റിംഗാണ് മുംബയ്ക്ക് കരുത്തേകിയത്. രണ്ടാം ദിനത്തിൽ 105 റൺസ് കൂട്ടിച്ചേർത്തിരുന്ന ഈ സഖ്യത്തെ ഇന്നലെ ടീം സ്കോർ 148 റൺസിൽ വച്ച് വേർപിരിക്കാൻ കഴിഞ്ഞ തോടെയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നത്. തുടർന്ന് അജിങ്ക്യ രഹാനെ (16),ശിവം ദുബെ (1) എന്നീ അപകടകാരികളെ കാലുറപ്പിക്കും മുന്നേ മടക്കി അയച്ചതും നിർണായകമായി. പ്രസാദ് പവാർ(35), ഷംസ് മുലാനി (30),മോഹിത് അവസ്തി (32) എന്നിവരുടെ ചെറുത്തുനിൽപ്പാണ് മുംബയ്‌യെ 300 കടത്തിയത്.

കേരളത്തിനായി രണ്ടാം ഇന്നിംഗ്സിൽ ജലജ് സക്സേനയും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നിഥീഷിന് രണ്ട് വിക്കറ്റ് ലഭിച്ചു.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തിനായി 12 റൺസ് വീതം നേടി രോഹൻ പ്രേമും രോഹൻ കുന്നുമ്മലുമാണ് ക്രീസിൽ.