pic

മാലെ: ഇന്ത്യൻ വിമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലദ്വീപിൽ 14 കാരൻ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. മാലദ്വീപ് ജനതയ്ക്ക് ജീവകാരുണ്യ,​ മെഡിക്കൽ സേവനങ്ങൾ എത്തിക്കാൻ ഇന്ത്യ നൽകിയ ഡോർണിയർ വിമാനത്തിനാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചത്. ഇതോടെ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് എം.പിയായ മീക്കയിൽ നസീം അടക്കം നിരവധി പേർ രംഗത്തെത്തി.

ഗാഫ് അലി വില്ലിങ്ങിലിയിലെ വിൽമിംഗ്ടൺ ദ്വീപ് സ്വദേശിയായ കുട്ടി ബ്രെയിൻ ട്യൂമർ ബാധിതനായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി കുട്ടിക്ക് മസ്തിഷ്‌കാഘാതം ഉണ്ടായതോടെ കുടുംബം എയർ ആംബുലൻസിനായി ദ്വീപിലെ ഏവിയേഷൻ അധികൃതരെ സമീപിച്ചു. കുട്ടിയെ അടിയന്തരമായി മാലദ്വീപ് തലസ്ഥാനമായ മാലെയിലെ ഇന്ദിര ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെത്തിക്കാനായിരുന്നു ശ്രമം.

എന്നാൽ 16 മണിക്കൂറിനുശേഷമാണ് ആംബുലൻസിന് അനുമതി ലഭിച്ചത്. വിമാനത്തിൽ കുട്ടിയെ മാലെയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എയർ ആംബുലൻസിനായി അഭ്യർത്ഥിച്ചപ്പോൾ അധികൃതർ പ്രതികരിച്ചില്ലെന്നും വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് അവർ ഫോൺ എടുത്തതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് അവർ പറയുന്നു. അതേസമയം,​ സാങ്കേതിക തകരാർ മൂലമാണ് അനുമതി വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം. മാലദ്വീപിലെ ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്നതുവരെ ഇന്ത്യൻ വിമാനത്തിന്റെ സർവീസ് മുയിസു നിറുത്തിവച്ചെന്നും റിപ്പോർട്ടുണ്ട്.

ചൈനീസ് അനുഭാവിയായ മുയിസു നവംബറിൽ ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളാവുകയായിരുന്നു. സമുദ്ര നിരീക്ഷണത്തിനടക്കം സഹായിച്ചിരുന്ന 70 ഇന്ത്യൻ സൈനികർ മാർച്ച് 15ന് മുമ്പ് മാലദ്വീപിൽ നിന്ന് ഒഴിയണമെന്ന് മുയിസു ഉത്തരവിട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു. ഇന്ത്യയുടെ ഒരു ഡോർണിയർ പട്രോളിംഗ് വിമാനവും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളുമാണ് മാലദ്വീപിലുള്ളത്.