
രാമേശ്വരം: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് നടത്തുന്ന ക്ഷേത്ര ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ധനുഷ്‌കോടിയിലെത്തി. ശ്രീ കോതണ്ഡരാമ സ്വാമി ക്ഷേത്രത്തിൽ പൂജ നടത്തി. രാമേശ്വരം ദ്വീപിന്റെ തെക്കുകിഴക്കുള്ള ധനുഷ്‌കോടിയിലെ അരിചൽ മുനൈ
സമുദ്രതീരത്ത് മോദി പുഷ്പാർച്ചന നടത്തി. തീരത്ത് പീഠത്തിലിരുന്ന് 'പ്രാണായാമം' ചെയ്തു. സമുദ്രജലം കൈക്കുമ്പിളിലെടുത്ത് പ്രാർത്ഥിച്ചു. രാമസേതു നിർമ്മിച്ചതായി രാമായണത്തിൽ പരാമർശിക്കപ്പെടുന്ന സ്ഥലമാണ് അരിചൽ മുനൈ.
ഇന്നലെ രാവിലെ മോദി സമുദ്രതീരത്തും തീരത്ത് സ്ഥാപിച്ച ദേശീയചിഹ്നത്തോടുകൂടിയ സ്തൂപത്തിലും പുഷ്പാർച്ചന നടത്തി. ശനിയാഴ്‌ച തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രവും രാമേശ്വരത്തെ ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രവും മോദി സന്ദർശിച്ചിരുന്നു.