
ശിവഗിരി :ഇന്നലെ വെളുപ്പിന് സമാധിയായ മുഹമ്മ വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദയുടെ ഭൗതിക ശരീരം വിലാപയാത്രയായി ഇന്നലെ ഉച്ച കഴിഞ്ഞാണ് ശിവഗിരിലെത്തിച്ചത്. മഹാ സമാധി മന്ദിരത്തിലെ പ്രദക്ഷിണത്തിനും, ഗസ്റ്റ്ഹൗസിൽ പൊതുദർശനത്തിനും ശേഷമായിരുന്നു സമാധി ഇരുത്തിൽ..
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി പരാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ത്രിരത്നതീർത്ഥർ, സ്വാമി ഹംസതീർത്ഥ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി അവ്യയാനന്ദ തുടങ്ങി ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും ഭക്തജനങ്ങളും ആദരാഞ്ജലിയർപ്പിച്ചു. സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനയും അനുസ്മരണവും നടന്നു. വി.ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .സ്മിതാ സുന്ദരേശൻ, അനിൽ തടാലിൽ, അമ്പലപ്പുഴ രാജേഷ്, അരുൺ കുമാർ, പത്തനാപുരം ഗാന്ധിഭവൻ പ്രതിനിധി, ജി.ഡി.പി.എസ് പ്രവർത്തകരായ മുഹമ്മ രമണൻ, സതീശൻ അത്തിക്കാട്, ചന്ദ്രൻ പുളിങ്കുന്ന്തുടങ്ങി ഒട്ടനവധി പേർ ആദരാഞ്ജലികളർപ്പിക്കാനെത്തിയിരുന്നു. പൊതുദർശനത്തിനും, പ്രത്യേക പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ശേഷം നാല് മണിയോടെ ശിവഗിരിയിലെ സമാധി പറമ്പിൽ വൈദികവിധി പ്രകാരമുളള സമാധിയിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു. സ്വാമി സച്ചിദാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി സൂക്ഷ്മാനന്ദ തുടങ്ങി സന്യാസി ശ്രേഷ്ഠരുടെയും ബ്രഹ്മചാരികളുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
രാവിലെ മുതൽ വിശ്വഗാജി മഠത്തിൽ സന്യാസിമാരും നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഗുരുദേവ ഭക്തരും ഗുരുധർമ്മ പ്രചാരണ സഭ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ സ്വാമിക്ക് ആദരാഞ്ജലി അർപ്പിച്ചു. സ്വാമിയുടെ വേർപാടിൽ പലരും വിങ്ങിപ്പൊട്ടി.എറണാകുളം ശങ്കരാനന്ദാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ,ശാരദാനന്ദ,ധർമ്മ ചൈതന്യ ,ധർമ്മവൃത,പ്രബോദ തീർത്ഥ, ശ്രീനാരായണ ചിത് വിലാസിനി, ശ്രീനാരായണ ചിത് പ്രകാശിനി, ശ്രീനാരായണ ദർശനമയി, ശ്രീമാതാ നിത്യ ചിന്മയി തുടങ്ങിയ സന്യാസിമാർ പ്രാത്ഥനാ ചടങ്ങുകളിൽ പങ്കാളികളായി. മന്ത്രി പി.പ്രസാദ്, എ.എം.ആരിഫ് എം.പി, തുഷാർ വെള്ളാപ്പള്ളി, പി.പി.മന്മഥൻ, കെ.എൻ.പ്രേമാനന്ദൻ തുടങ്ങി നിരവധി പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.
മോക്ഷ ദീപം 31 ന്
31 ന് ശിവഗിരിയിൽ സ്വാമിയുടെ മോക്ഷ ദീപം നടക്കും. വിവിധ ദേശങ്ങളിൽ അനുസ്മരണ യോഗങ്ങളും
41 ന് മണ്ഡല മഹോത്സവ പൂജയും നടക്കുമെന്ന് ശിവഗിരി മഠം അറിയിച്ചു.