crime

തിരുവനന്തപുരം: തിരക്കി വന്ന വീട് കാണിച്ചു കൊടുക്കണമെന്നാവശ്യം നിരസിച്ചയാളിനെ കുത്തിപ്പരിക്കേല്പിക്കുകയും തടയാൻ ശ്രമിച്ച സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിലെ രണ്ടും മൂന്നും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിരുമല വില്ലേജിൽ തൃക്കണ്ണാപുരം വാർഡിൽ ഞാലികോണം പാറക്കൂട്ടം പുതുവൽ പുത്തൻവീട്ടിൽ ഗോകുൽ മഹേന്ദ്രൻ (23), വിളവൂർക്കൽ വില്ലേജിൽ പെരുകാവ് വാർഡിൽ പെരുകാവ് തൈവിള സരസ്വതി വിലാസം വീട്ടിൽ ഗോകുൽ എന്ന് വിളിക്കുന്ന നന്ദു (26) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളം കുളത്തല ദേവീക്ഷേത്രത്തിന് സമീപം അംബേദ്കർ റോഡിൽ ഡിസംബർ 22നായിരുന്നു സംഭവം. പരാതിക്കാരനെയും സുഹൃത്തിനെയുമാണ് ഗുണ്ടാസംഘത്തിൽപ്പെട്ട ഇരുവരും മർദ്ദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികൾ ക്രിമിനൽ ലിസ്റ്റിലും ഉൾപ്പെട്ടവരാണ്.