
നൊവാക്ക് ജോക്കോവിച്ച്, കോക്കോ ഗൗഫ്, റൂബ്ളേവ്, സബലേങ്ക ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ
മെൽബൺ : ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം ക്വാർട്ടർ ഫൈനലുകളിലെത്തിയ താരമെന്ന റോജർ ഫെഡററുടെ റെക്കാഡിനൊപ്പമെത്തി നൊവാക്ക് ജോക്കോവിച്ച് . ഇന്നലെ ഓസ്ട്രേലിയൻ ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ ഫ്രഞ്ച് താരം അഡ്രിയാൻ മന്നാരിന്നോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നൊവാക്ക് ഈ ഉയരത്തിലെത്തിയത്. സ്കോർ : 6-0,6-0,6-3.
20-ാം സീഡായ മന്നാരിനോയെ തീർത്തും അപ്രസക്തനാക്കുകയായിരുന്നു നൊവാക്ക്. ആദ്യ രണ്ട് സെറ്റുകളിൽ ഒരു ഗെയിം പോയിന്റ് പോലും നേടാൻ അനുവദിക്കാതെ ഫ്രഞ്ച് താരത്തിന്റെ മുഴുവൻ സർവുകളും നൊവാക്ക് ബ്രേക്ക് ചെയ്തു. അവസാന സെറ്റിൽ മാത്രമാണ് മന്നാരിന്നോയ്ക്ക് മൂന്ന് ഗെയിം പോയിന്റുകളെങ്കിലും നേടാനായത്. ഒരു മണിക്കൂറും 44 മിനിട്ടും മാത്രമാണ് മന്നാരിന്നോയെ മറികടക്കാൻ നൊവാക്കിന് വേണ്ടിവന്നത്. അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സിനെയാണ് ക്വാർട്ടറിൽ നൊവാക്ക് നേരിടുക. പ്രീ ക്വാർട്ടറിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 7-6(7/3),5-7,6-3,6-3 എന്ന സ്കോറിനാണ് 12-ാം സീഡായ ടെയ്‌ലർ ഫ്രിറ്റ്സ് തോൽപ്പിച്ചത്.
നാലാം സീഡ് യാന്നിക് സിന്നർ, അഞ്ചാം സീഡ് റഷ്യൻ താരം ആന്ദ്രേ റൂബ്ളേവ് എന്നിവരാണ് ക്വാർട്ടറിലെത്തിയ മറ്റ് പുരുഷ താരങ്ങൾ. നാലുമണിക്കൂർ 14 മിനിട്ട് നീണ്ട അഞ്ചുസെറ്റ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ 10-ാം സീഡ് ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനേയുറിനെയാണ് റുബ്ളേവ് തോൽപ്പിച്ചത്. സ്കോർ : 6-4,7-6,7-6,6-3,6-0. ഇറ്റാലിയൻ താരമായ സിന്നർ റഷ്യക്കാരനായ ഖചാനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്കോർ : 6-4,7-5,6-3.
വനിതാ വിഭാഗത്തിൽ രണ്ടാം സീഡ് അര്യാന സബലേങ്കയും നാലാം സീഡ് കോക്കോ ഗൗഫും ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ സബലേങ്ക 6-3,6-2 എന്ന സ്കോറിന് അമേരിക്കൻ താരം അമാൻഡ അനിസിമോവയേയും കോക്കോ 6-1,6-2ന് പോളണ്ട് താരം മഗ്ദലീന ഫ്രെച്ചിനെയുമാണ് തോൽപ്പിച്ചത്. മറ്റൊരു പ്രീ ക്വാർട്ടറിൽ 16കാരിയായ റഷ്യൻ താരം മിറ ആൻഡ്രിയേവയുടെ അത്ഭുതക്കുതിപ്പിന് വിരാമമിട്ട് ഒൻപതാം സീഡ് ബാർബോറ ക്രേസിക്കോവ ക്വാർട്ടറിലെത്തി. ഒരു മണിക്കൂർ 59 മിനിട്ട് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ പൊരുതിയാണ് മിറ കീഴടങ്ങിയത്. സ്കോർ : 4-6,6-3,6-2. രണ്ടാം റൗണ്ടിൽ ഒൻസ് ജബേയുറിനെ അട്ടിമറിച്ചാണ് മിറ ശ്രദ്ധനേടിയത്.