
കൊച്ചി: ലോക വിപണിയിലേക്കുള്ള വൈദ്യുതി വാഹനങ്ങളുടെ നിർമ്മാണ ഹബ്ബായി ഇന്ത്യ അതിവേഗം ഉയരുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ വൻകിട വാഹന നിർമ്മാതാക്കൾ ഉൾപ്പെടെ വൈദ്യുതി വാഹന ഫാക്ടറികൾ സ്ഥാപിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ആഭ്യന്തരമായി ഇലക്ട്രിക് കാറുകൾ ഉത്പാദിപ്പിച്ച് ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാൻ ആലോചിക്കുകയാണ്. മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ നിലവിൽ ഇന്ത്യയിൽ നിന്നും വൈദ്യുത വാഹനങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റി അയച്ചു തുടങ്ങി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നും പ്രതിവർഷം പത്ത് ലക്ഷം ഇലക്ട്രിക് കാറുകൾ ആഗോള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഹോണ്ട ഇന്ത്യ, എം.ജി ഹെക്ടർ, ഹ്യുണ്ടായ് മേട്ടോഴ്സ്, സിട്രൊജൻ തുടങ്ങിയ മുൻനിര ബ്രാൻഡുകളെല്ലാം ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ നിർമ്മിച്ച് കയറ്റുമതി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ നിർമ്മാണ രംഗത്ത് മുതൽ മുടക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വമ്പൻ ആനുകൂല്യങ്ങൾ ഈ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് വാഹന വിപണിയിലുള്ളവർ പറയുന്നു. 2027 ൽ ഇന്ത്യയിൽ നിർമ്മിക്കുന്ന വൈദ്യുതി വാഹനങ്ങളിൽ 30 ശതമാനവും കയറ്റുമതി ലക്ഷ്യമിടുന്നതാകുമെന്നും അവർ പറയുന്നു.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ നിരവധി വാഹന നിർമ്മാതാക്കളാണ് വൻ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹന നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് പദ്ധതിയിലൂടെ 25,963 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നത്.
പത്ത് ലക്ഷം കോടി രൂപ നിക്ഷേപവുമായി വമ്പൻമാർ
വൈദ്യുതി വാഹനങ്ങൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിന് മുൻനിര കാർ കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എന്നിവ പതിനായിരം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പം റിനോ നിസാൻ, സ്ക്കോഡ തുടങ്ങിയ കമ്പനികളും വൈദ്യുതി വാഹന നിർമ്മാണ മേഖലയിൽ വലിയ മുതൽ മുടക്കിന് ഒരുങ്ങുകയാണ്. വൈദ്യുത വാഹന വിപണിയിലെ അനുബന്ധ മേഖലകളിൽ വിവിധ കമ്പനികൾ ചേർന്ന് 75,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.