
കാബൂൾ: റഷ്യൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചാർട്ടർ വിമാനം അഫ്ഗാനിസ്ഥാനിൽ തകർന്നുവീണ് രണ്ട് പേരെ കാണാതായി. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് അടക്കം മറ്റ് നാല് പേർ പരിക്കുകളോടെ അത്ഭുകരമായി രക്ഷപ്പെട്ടെന്ന് റഷ്യ അറിയിച്ചു. കാണാതായ രണ്ട് പേർ മരിച്ചെന്ന് സൂചനയുണ്ടെങ്കിലും റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിദൂര വടക്കൻ പ്രദേശമായ ബദാഖ്ഷൻ പ്രവിശ്യയിലെ സെബാക്ക് ജില്ലയിൽ ടോപ്ഖാനാ പർവത മേഖലയിൽ പ്രാദേശിക സമയം ശനിയാഴ്ച രാത്രി ഏഴോടെയാണ് വിമാനം തകർന്നുവീണത്. പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ജനസാന്ദ്രത കുറഞ്ഞ അപകട മേഖലയിലേക്ക് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഇന്നലെയാണ് രക്ഷാപ്രവർത്തകരെത്തിയത്.
തായ്‌ലൻഡിലെ പട്ടായയിലെ ഉട്ടാപാവോ വിമാനത്താവളത്തിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള ഒരു റഷ്യൻ വനിതയുമായി പുറപ്പെട്ട എയർ ആംബുലൻസ് സർവീസാണ് അപകടത്തിൽപ്പെട്ടത്. ഇവർക്കൊപ്പം ഭർത്താവുമുണ്ടായിരുന്നു. കാണാതായവരുടെ വിവരങ്ങൾ വ്യക്തമല്ല. ഇന്ത്യയിലെ ഗയ, ഉസ്ബെക്കിസ്ഥാനിലെ തഷ്കെന്റ് എന്നിവിടങ്ങൾ വഴി മോസ്കോയിലെ ഷുകോവ്സ്കി വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതായിരുന്നു.
ഫാൽക്കൺ 10 മോഡൽ വിമാനത്തിൽ ഇന്ധനം തീരാറായെന്നും തജിക്കിസ്ഥാനിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നുണ്ടെന്നുമുള്ള പൈലറ്റിന്റെ സന്ദേശം ലഭിച്ച് 25 മിനിറ്റുകൾക്ക് ശേഷം വിമാനം റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായി. വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു.