k-walk

കെ-വാക്ക് പരിപാടി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ കേരളമൊന്നായി നടക്കുന്ന കെ -വാക്കിന്റെ സംസ്ഥാനതല ഫ്ലാഗ് ഓഫ് കായികവകുപ്പ് മന്ത്രി വി അബ്‍ദുറഹിമാൻ മാനവീയം വീഥിയിൽ ഇന്ന് നിർവഹിക്കും. വൈകിട്ട് മൂന്നുമണിക്ക് മാനവീയം വീഥിയിൽ നിന്ന്ആരംഭിച്ച് കനകക്കുന്ന്,മ്യൂസിയം,പാളയം, സെക്രട്ടറിയേറ്റ് വഴി സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കുന്ന നടത്തത്തിൽ 20000ത്തോളം പേർ അണിനിരക്കും. പ്രശസ്ത കായിക താരങ്ങൾ,പരിശീലകർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ, എൻ.സി.സി, എസ്.പി.സി ,എൻ.എസ്.എസ്,ഹരിതകർമ്മസേന, കുടുംബശ്രീ,സിവിൽ ഡിഫൻസ്, ആംഡ് പൊലീസ്,മെഡിക്കൽ വിദ്യാർത്ഥികൾ,സി.ആർ.പി.എഫ് അംഗങ്ങൾ,പൊതുജനങ്ങൾ തുടങ്ങിയവർ അണിനിരക്കും. ഇതേ സമയം വൈകിട്ട് 4 മണി മുതൽ 7 മണി വരെ ജില്ലാ കേന്ദ്രങ്ങളിലും, തദ്ദേശ സ്വയഭരണം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കെ വാക് അരങ്ങേറും. എല്ലാ കേന്ദ്രങ്ങളിലും 10000 ത്തോളം പേരുടെ വീതം പങ്കാളിത്തം പരിപാടിക്ക് ഉണ്ടാകും.

അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണത്തിനായി കാസർകോട് നിന്നും ആരംഭിച്ച ‘ടൂർ ഡി കേരള’ സൈക്ലത്തോൺ ഇന്ന് വൈകുന്നേരം ഗ്രീൻഫീൽഡിൽ സമാപിക്കും.ഇന്നലെ തിരുവനന്തപുരം ജില്ലാ അതിർത്തിയായ ആറ്റിങ്ങലിൽ എത്തിയ ‘ടൂർ ഡി കേരള’ കഴക്കൂട്ടം, ടെക്നോപാർക്ക്, കോവളം വഴി വിഴിഞ്ഞത്തു സമാപിച്ചു. ഇന്ന് രാവിലെ കിഴക്കേക്കോട്ടയിൽ നിന്നും ആരംഭിച്ച് തമ്പാനൂർ, ബേക്കറി ജംഗ്ഷൻ, കവടിയാർ, കാര്യവട്ടം വഴി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവസാനിക്കും.

കേരളത്തിന്റെ കായിക മേഖലയിലെ സാധ്യതകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനും കേരളത്തെ ഒരു മികച്ച കായിക ശക്തിയാക്കാനും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കാസർകോടു നിന്നും ജനുവരി 12ന് ആരംഭിച്ച ടൂർ ഡി കേരള സൈക്ലത്തോൺ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത്.

ഈ മാസം 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോൻ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനുമാണ് ഉച്ചകോടിയുടെ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ 13 വിഷയങ്ങളിലായി 105 ദേശീയ, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകൾ നടക്കും. സ്പോർട്സ് ഇക്കോണമി, സ്പോർട്സ് ഇൻഡസ്ട്രി, വെൽനെസ്, ലീഗുകളും വലിയ ചാമ്പ്യൻഷിപ്പുകളും, ഗ്രാസ്റൂട്ട്സ് ഡെവലപ്മെൻറ്, അക്കാദമികളും ഹൈ പെർഫോർമൻസ് സെൻ്ററുകളും, ഇ സ്പോർട്സ്, സ്പോർട്സ് സയൻസ്, ടെക്നോളജി & എൻജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങിയവയാണ് പ്രധാന കോൺഫറൻസ് തീമുകൾ.