pic

ബാഗ്ദാദ് : ഇറാക്കിലെ അൽ - അസദ് എയർ ബേസിന് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്ക്. ഇറാക്കിലും സിറിയയിലുമുള്ള യു.എസ് സൈനികർക്ക് നേരെയുളള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് സംഭവം. ശനിയാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിനിടെ ഭൂരിപക്ഷം മിസൈലുകളെയും അൽ - അസദിലെ വ്യോമപ്രതിരോധ സംവിധാനം തകർത്തെങ്കിലും ചിലത് ബേസിനുള്ളിൽ പതിച്ചു. സൈനികരിൽ ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ല. എന്നാൽ പരിക്കേറ്റവരുടെ എണ്ണം യു.എസ് വ്യക്തമാക്കിയിട്ടില്ല. ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാക്ക് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യു.എസ് അറിയിച്ചു. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപം അൻബർ പ്രവശ്യയിൽ സിറിയൻ അതിർത്തിയിൽ നിന്നും 135 മൈൽ അകലെയാണ് അൽ - അസദ് എയർബേസ്.