
പാട്ന : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണ് വിളിക്കുന്നത് എന്ന് അവകാശപ്പെട്ടാണ് ഇയാൾ പൊലീസിനെ ഭീഷണിപ്പെടുത്തിയത്. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ള ഇന്റെഖാബ് ആലം (21) എന്ന യുവാവാണ് പിടിയിലായത്.
വെള്ളിയാഴ്ച എമർജൻസി നമ്പരിൽ വിളിച്ചാണ് യുവാവ് ഭീഷണി മുഴക്കിയത്, തന്റെ പേര് ഛോട്ടാ ഷക്കീലാണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും ഇയാൾ അവകാശപ്പെട്ടു, ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാസി സ്റ്റേഷൻ പരിധിയിലെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽ നിന്ന് ആലം പിടിയിലാകുന്നത്.
ഇയാളുടെ പിതാവിന്റെ പേരിലെടുത്ത മൊബൈൽ നമ്പരിൽ നിന്നാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരമെന്നും പൊലീസ് അറിയിച്ചു.