suv

കൊച്ചി: രാജ്യത്തെ കാർ വിപണി നിലവിൽ സ്പോർട്ട്സ് യൂട്ടിലിറ്റി (എസ്.യു.വി) വാഹനങ്ങളുടെ വില്പന കുതിച്ചുയരുന്നു. വാഹന നിർമ്മാണ കമ്പനികളുടെ കണക്കുകളനുസരിച്ച് ഇന്ത്യയിലെ മൊത്തം കാർ വില്പനയിൽ 40 ശതമാനവും എസ്. യു.വികളാണ് നേടുന്നത്. ചെറിയ കാറുകൾ വില്ക്കാൻ രാജ്യത്തെ വാഹന നിർമ്മാതാക്കൾക്ക് താത്പര്യമില്ലെന്നാണ് പുതിയ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. എസ്.യു.വി വില്പനയിൽ മികച്ച മാർജിൻ ലഭിക്കുന്നതിനാൽ മാരുതി സുസുക്കി ഉൾപ്പെടെുള്ള മുൻനിര കമ്പനികൾ ഈ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗ്രാമീണ, കാർഷിക മേഖലകളിൽ സാമ്പത്തിക പ്രതിസന്ധി ശക്തമായതിനാൽ ഇന്ത്യയിൽ ചെറുകാറുകളുടെ വില്പനയിൽ കാര്യമായ വില്പന താത്പര്യം ദ്യശ്യമല്ല. രാജ്യത്ത് ചെറുകാറുകളുടെ വില്പന ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ നൂറ് ശതമാനത്തിലധികം ഇടിവ് നേരിട്ടുവെന്ന് ഡീലർമാർ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ചെറുകാറായ ആൾട്ടോ ഉൾപ്പെടെയുള്ള ചെറുകാറുകൾക്കൊന്നും കാര്യമായ വില്പന നേടാൻ കഴിയുന്നില്ല. കാലാവസ്ഥയിലെ മാറ്റം കാർഷിക മേഖലയിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാൽ ഗ്രാമീണ മേഖലയിൽ വാങ്ങൽ ശേഷിയിൽ വലിയ കുറയുന്നതാണ് പ്രധാന വെല്ലുവിളി. ചെറു കാറുകളുടെ വില ഗണ്യമായി കൂടിയതും എൻട്രി ലെവൽ രംഗത്ത് വില്പന കുറയാൻ ഇടയാക്കുന്നുവെന്ന് ഡീലർമാർ പറയുന്നു.

ചെറുകാറുകൾ വാങ്ങാൻ ഉപഭോക്താക്കളുടെ താത്പര്യം കുറഞ്ഞതോടെ രാജ്യത്തെ മുൻനിര വാഹന നിർമ്മാണ കമ്പനികളെല്ലാം ഈ കാറുകളുടെ നിർമ്മാണ രംഗത്ത് നിന്നും പിന്മാറുകയാണ്. മാരുതി സുസുക്കിയുടെ ഒരു കാലത്തെ ഏറ്റവും ജനപ്രിയ മോഡലായിരുന്ന ആൾട്ടോയുടെ ഉത്പാദനം അവസാനിപ്പിക്കാൻ കമ്പനി ആലോചിക്കുന്നതും വാങ്ങൽ ട്രെൻഡിലെ പുതിയ മാറ്റങ്ങൾ മൂലമാണ്.