
അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ . നാളെ ഉച്ചയ്ക്ക് 1220നും 12.45നും മദ്ധ്യേയുള്ള മഹൂർത്തത്തിലാണ് രാംലല്ല വിഗ്രഹത്തിന് മിഴിതുറക്കൽ. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരിക്കും. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പുരോഹിതൻ. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തെ സാമൂഹിക,വ്യവസായിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തും.
ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ അതിസമ്പന്നർ ആരെന്ന് ഉറ്റുനോക്കുകയാണ് വ്യവസായ ലോകം. ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ മുൻപന്തിയിലുള്ള മുകേഷ് അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. റിലയൻസ് ചെയർമാൻ മുകേഷ് അംംബാനി തങ്ങളുടെ എല്ലാ ജീവനക്കാർക്കും നാളെ അവധി നൽകിയിട്ടുണ്ട്. ഗൗതം അദാനിയും ചടങ്ങിന് എത്തിയേക്കും. അജയ് പിരാമൽ, ഗൗതം സിംഘാനിയ, അനിൽ അഗർവാൾ, വേണു ശ്രീനിവാസൻ, ബാബ കല്യാണി, അമിത് കല്യാണി, സതീഷ് മേത്ത തുടങ്ങിയ വ്യവസായികളും അതിഥികളുടെ പട്ടികയിലുണ്ട്.
പ്രാണപ്രതിഷ്ഠയ്ക്ക് കേരളത്തിൽ നിന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും അടക്കം അൻപതോളം പേർക്ക് ക്ഷണപത്രം കിട്ടി. ഇതിൽ 35ലേറെ പ്രമുഖർ പങ്കെടുക്കുമെന്ന് ഇതിനകം ഉറപ്പു നൽകി. 20 പേരും സന്യാസിമാരാണ്.
അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാർ പോകുന്നുണ്ട്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്. 1949ൽ രാമക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുത്ത അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ.നായരുടെ ചെറുമകൻ സുനിൽപിളള, വിജിതമ്പി, പി.ടി.ഉഷ, പദ്മശ്രീ കിട്ടിയ എം.കെ. കുഞ്ഞോൽ, വയനാടിലെ ആദിവാസി നേതാവ് കെ.സി.പൈതൽ, ചിൻമയ മിഷന്റെ കീഴിലുള്ള സ്വകാര്യസർവ്വകലാശാല വൈസ് ചാൻസലർ ഡോ.അജയ് കപൂർ തുടങ്ങിയവർ വി.ഐ.പി പട്ടികയിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്നവരിൽ ചിലരാണ്. മാതാ അമൃതാനന്ദമയി, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർക്ക് ക്ഷണപത്രം കിട്ടിയെങ്കിലും പോകുന്നതായി അറിയിച്ചിട്ടില്ല.
രാജ്യത്തെ പ്രമുഖർ പങ്കെടുക്കുന്നതിനാൽ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ 13,000 സുരക്ഷാഭടന്മാരുണ്ട്. പൊലീസ് നിരീക്ഷണത്തിന് 10,000 സി.സി.ടി.വികൾ. വി.ഐ.പികൾ പോകുന്ന മേഖലകളിൽ പെട്രോളിംഗ് ഊർജ്ജിതം. ക്ഷേത്രത്തിന് ചുറ്രും യു. പി പൊലീസ്, യു.പി സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ്, സി.ആർ.പി.എഫ് എന്നിവയുടെ സുരക്ഷയുണ്ട്. യു.പി ഭീകരവിരുദ്ധ കമാൻഡോകൾ റോന്ത് ചുറ്റുന്നുണ്ട്. ഡ്രോണുകളും ദേശീയ ദുരന്ത നിവാരണ സേനയും, ബോംബ് സ്ക്വാഡും ഉണ്ട്.